ബള്‍ഗേറിയയില്‍നിന്നു കൊച്ചിയിലെ അക്കൗണ്ടിലേക്കു 55 കോടി എത്തിയ സംഭവം: അന്വേഷണം മുംബൈയിലേക്ക്

KTM-BANKകൊച്ചി: വ്യാജ കയറ്റുമതി ഇടപാടിന്റെ മറവില്‍ ബള്‍ഗേറിയയില്‍ നിന്നും കൊച്ചിയിലേക്ക് 55 കോടി രൂപയെത്തിയ സംഭവത്തില്‍ അന്വേഷണം മുംബൈയിലേക്കു നീളുന്നു. സൂര്യകാന്തി ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചതിനു ബള്‍ഗേറിയയിലെ “സ്വസ്ത ഡി’ എന്ന കമ്പനിയില്‍ നിന്നാണ് പണമെത്തിയതെന്ന് അന്വേഷണത്തില്‍ മനസിലായിരുന്നു. മുംബൈ തുറമുഖം വഴിയാണ് ബള്‍ഗേറിയയിലേക്കു കയറ്റുമതി നടത്തിയതെന്നാണ് വ്യവസായിയായ ജോസ് ജോര്‍ജ് നല്‍കിയ രേഖകളില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, മുംബൈ തുറമുഖത്തെ കസ്റ്റംസ് വിഭാഗവുമായി നടത്തിയ അന്വേഷണത്തില്‍ ഇത്തരത്തിലൊരു കയറ്റുമതി നടന്നിട്ടില്ലെന്നാണ് കണ്ടത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി കൊച്ചി പോലീസ് ഉടന്‍ മുംബൈയിലേക്കു തിരിക്കുമെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള ഫോര്‍ട്ടുകൊച്ചി സിഐ പി.രാജ്കുമാര്‍ പറഞ്ഞു. വ്യാജ രേഖ ചമച്ചു എന്ന കുറ്റത്തിനാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്. ജോസ് ജോര്‍ജ് സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ മുംബൈ കസ്റ്റംസിന്റെ സീല്‍ പതിപ്പിച്ചിട്ടുണ്ട്. ഈ സീല്‍ വ്യാജമായി ഉണ്ടാക്കിയതാണോ എന്നു തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കും. ഈ കേസില്‍ വ്യവസായിയായ ജോസ് ജോര്‍ജിന്റെ മൊഴിയെടുക്കണം. അതിനായി കൂടുതല്‍ രേഖകള്‍ ശേഖരിക്കേണ്ടതുണ്ട്.

ജോസ് ജോര്‍ജിന്റെ സ്വത്തുവകകളെപ്പറ്റിയും ബള്‍ഗേറിയയിലേക്കു നടത്തി എന്നു പറയുന്ന കയറ്റുമതി നടത്താനുള്ള സാമ്പത്തികശേഷിയുണ്ടോ എന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ആവശ്യത്തിനുള്ള രേഖകളും തെളിവുകളും ശേഖരിച്ചതിനുശേഷം ജോസ് ജോര്‍ജിനെ ചോദ്യം ചെയ്യുമെന്നും സിഐ പറഞ്ഞു.   എളമക്കര സ്വദേശിയായ വ്യവസായി ജോസ് ജോര്‍ജിന്റെ അക്കൗണ്ടിലേക്ക് എത്തിയ കോടികള്‍ കള്ളപ്പണമാണെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഹാര്‍ബര്‍ പോലീസ് കേസെടുത്തത്. എസ്ബിഐ ഓവര്‍സീസ് ബാങ്കിന്റെ വില്ലിംഗ്ടണ്‍ ഐലന്റിലെ ശാഖയിലുള്ള അക്കൗണ്ടിലേക്ക് കഴിഞ്ഞ ജൂലൈ ഏഴു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ 55 കോടി രൂപയെത്തിയിരുന്നു. അക്കൗണ്ടിലെത്തിയതില്‍ നിന്ന് 29.5 കോടി രൂപ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റി.

സൂര്യകാന്തി ഭക്ഷ്യ എണ്ണ, പഞ്ചസാര എന്നിവ കയറ്റി അയച്ചതിനാണ് പണം ലഭിച്ചതെന്നാണ് ജോസ് ജോര്‍ജ് അറിയിച്ചിരുന്നത്. ബാങ്ക് അധികൃതര്‍ക്ക് ഈ ഇടപാടില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ടു. മുംബൈ തുറമുഖം വഴി കയറ്റുമതി ചെയ്തതിന്റെ രേഖകള്‍ ജോസ് ജോര്‍ജ് ബാങ്കില്‍ സമര്‍പ്പിച്ചു. ബാങ്ക് ഇവ കസ്റ്റംസിന് കൈമാറി. കസ്റ്റംസ് പരിശോധനയില്‍ ഇത്തരമൊരു കയറ്റുമതി നടന്നിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് വിവരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു.

പണമെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ 29.5 കോടി രൂപ പിന്‍വലിക്കുകയും ഭാര്യയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തതായി കണ്ടെത്തി. ലഭിച്ച പണത്തിന്റെ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജോസിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു. ബള്‍ഗേറിയന്‍ കമ്പനി പണം നഷ്ടപ്പെട്ടതായി പരാതിപ്പെട്ടിട്ടില്ല. ഇതേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കൊച്ചി ഹാര്‍ബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Related posts