എടത്വ: കുട്ടനാട്ടിലെ മുൻ എംഎൽഎ മന്ത്രിസ്ഥാനത്തിന് പുറകേ നടന്നതിനാൽ ഇവിടത്തെ കുടിവെള്ള പ്രശ്നം ശ്രദ്ധിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശ്രീനാരായന മാനവസേവ ട്രസ്റ്റ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളത്താൽ ചുറ്റപ്പെട്ട സ്ഥലമാണ് കുട്ടനാടെങ്കിലും കുടിവെള്ള പ്രശ്നം രൂക്ഷമാണ്. നിലവിലെ എംഎൽഎ ജലവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ കക്ഷി ആയതിനാൽ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് വിശ്വാസമുണ്ട്. ശ്രീനാരായണ വാക്യങ്ങളെ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന മാനവസേവ ട്രസ്റ്റിന് എല്ലാവിധ പിന്തുണയും വെള്ളാപ്പള്ളി വാഗ്ദാനം ചെയ്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളം കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എ.ജി. സുഭാഷ് അധ്യക്ഷത വഹിച്ചു. രോഗീപരിചരണ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എസ്എൻഡിപി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിലും പഠനോപകരണങ്ങളുടെ വിതരണോദ് ഘാടനം രക്ഷാധികാരി എൻ. മോഹൻദാസും നിർവഹിച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, ശാഖ പ്രസിഡന്റ് എം. ആർ. അജിത്ത് കുമാർ, തലവടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ആർ. സിന്ധു വനിതാ സംഘം പ്രസിഡന്റ് സുജി സന്തോഷ്, വൈസ് പ്രസിഡന്റ് ഷാജി തോട്ടുകടവിൽ, പ്രമോദ് കളത്തിപ്പാലം, ഷാജി നെടുമുടി, സോമൻ ജി. കരുമാടി എന്നിവർ പ്രസംഗിച്ചു.സമ്മേളനത്തിൽ ഭക്ഷ്യകിറ്റുകൾ, രോഗീപരിചരണ ഉപകരണങ്ങൾ, വിദ്യാർഥികൾക്ക് പഠനോപരണങ്ങൾ, ചികിത്സാ ധനസഹായം എന്നിവ വിതരണം ചെയതു.
