മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ല; അ​പ​ക​ട​ഭീ​തി​യി​ൽ യാത്രക്കാർ; ജനരോക്ഷം ശക്തമാകുന്നു

ആ​ല​പ്പു​ഴ: പ​ട്ട​ണ​ത്തി​ലെ റോ​ഡു​ക​ളി​ലേ​ക്കും വൈ​ദ്യു​ത ലൈ​നു​ക​ളി​ലേ​ക്കും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​കു​ന്നു.കാ​ല​വ​ർ​ഷം അ​ടു​ത്തെ​ത്തി​യി​ട്ടും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ കെ​എ​സ്ഇ​ബി​യോ ത​യാറാ​കു​ന്നി​ല്ല. മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ റോ​ഡു​ക​ളി​ൽ വൈ​ദ്യു​ത ലൈ​നു​ക​ളു​ടെ മു​ക​ളി​ലേ​ക്കുവ​രെ പ​ട​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.

കാ​റ്റും മ​ഴ​യും ഉ​ണ്ടാ​കു​മ്പോ​ൾ ചി​ല്ല​ക​ൾ ക​മ്പി​ക​ളി​ൽ ത​ട്ടി വ​ൻ​തോ​തി​ൽ സ്പാ​ർ​ക്കിം​ഗ് ഉ​ണ്ടാ​കു​ന്ന​തും വൈ​ദ്യു​തി മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഏ​തു നി​മി​ഷ​വും മ​ര​ച്ചി​ല്ല​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​കാ​മെ​ന്ന ഭീ​തി​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. വ​ലി​യൊ​രു അ​പ​ക​ടം ന​ട​ന്ന​തി​നുശേ​ഷം മാ​ത്രം ഉ​ണ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നാ​ണോ അ​ധി​കൃ​ത​രു​ടെ ഭാ​വ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ലേ​ക്ക് വൃ​ക്ഷ​ശി​ഖ​ര​ങ്ങ​ൾ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച​തോ​ടെ ക​രി​യി​ല​ക​ൾ വീ​ണ് റോ​ഡു​ക​ൾ മൂ​ടു​ന്ന​തും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. നേ​രി​യ മ​ഴ പെ​യ്താ​ൽ പോ​ലും ഈ ​ക​രി​യി​ല​ക​ൾ റോ​ഡി​ൽ കി​ട​ന്ന് ചീ​ഞ്ഞ് വ​ഴു​ക്ക​ലു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​ണ്.
ഇ​തി​നി​ട​യി​ൽ, ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ഇ​ര​ട്ട​ത്താ​പ്പ് കാ​ണി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

പ​ട്ട​ണ​ത്തി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സ് വ​ള​പ്പു​ക​ളി​ൽനി​ന്ന് റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന ഇ​ല​ക​ൾ മാ​ത്രം ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ കൃ​ത്യ​മാ​യി തൂ​ത്തു​മാ​റ്റു​ന്നു​ണ്ട്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്തു​ള്ള പൊ​തു​വ​ഴി​ക​ളി​ലെ ക​രി​യി​ല​ക്കൂ​ട്ട​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ താ​മ​സ​മെ​ടു​ക്കും. മ​ഴ​ക്കാ​ലം പൂ​ർ​ണ​മാ​യി എ​ത്തു​ന്ന​തി​ന് മു​ൻ​പ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ച്ചി​ല്ല​ക​ൾ വെ​ട്ടി​മാ​റ്റാ​നും റോ​ഡി​ലെ ക​രി​യി​ല​ക​ൾ നീ​ക്കം ചെ​യ്യാ​നും ന​ഗ​ര​സ​ഭ​യും കെ​എ​സ്ഇ​ബി​യും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സം​യു​ക്ത​മാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

പ​രാ​തി​ക​ൾ നി​ര​വ​ധി, പ​ക്ഷേ ഫ​ല​മി​ല്ല
റോ​ഡി​ലെ ത​ട​സ​ങ്ങ​ളും ഇ​ല​ക്ട്രി​ക് ലൈ​നു​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത​യും ചൂ​ണ്ടി​ക്കാ​ട്ടി ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, ന​ഗ​ര​സ​ഭ​യ്ക്കും വൈ​ദ്യു​തി വ​കു​പ്പി​നും ആ​വ​ർ​ത്തി​ച്ച് പ​രാ​തി ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, സ​മ​യ​ബ​ന്ധി​ത​മാ​യി ആ​രും ഒ​ന്നും ചെ​യ്യു​ന്നി​ല്ല. നി​ര​ന്ത​രം പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ തി​ക​ഞ്ഞ നി​സം​ഗ​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​തെ​ന്ന് ത​ത്തം​പ​ള്ളി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ പ​റ‍​ഞ്ഞു.

Related posts

Leave a Comment