എല്ലാ കാര്യത്തിലും മോദിയുടെ വൈദഗ്ധ്യം കാണാം, കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ ആശയവിനിമയത്തിന് എനിക്ക് കംഫെര്‍ട്ട് മോദി തന്നെ, കോണ്‍ഗ്രസ് എംപി കെ.വി. തോമസ്, അമ്പരന്ന് കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ നേതാക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കടുത്ത വിമര്‍ശനങ്ങളുമായി മുന്നോട്ടു പോകുകയാണ്. എന്നാല്‍ അതിനിടെ എറണാകുളം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.വി. തോമസിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ചര്‍ച്ചാവിഷയം.

കഴിഞ്ഞദിവസം കൊച്ചിയില്‍ നടന്ന കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) ദേശീയ മാനേജ്‌മെന്റ് സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ മോദിയുടെ ഭരണ വൈദഗ്ധ്യത്തെ പുകഴ്ത്തി കെ.വി. തോമസ് പ്രസംഗിച്ചിരുന്നു.

കോണ്‍ഗ്രസ് എംപിയുടെ വാക്കുകള്‍ ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്. അനവസരത്തിലാണ് തോമസ് ഇത്തരത്തില്‍ മോദിയെ പ്രശംസിച്ചതെന്ന വിമര്‍ശനമാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

കൊച്ചിയില്‍ തോമസ് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ- നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയവയിലൊക്കെ തന്റെ നിലപാട് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ മോദിക്കു സാധിച്ചു. അതിലെ ശരിതെറ്റുകളോ രാഷ്ട്രീയമോ അല്ല പറയുന്നത്.

ഭരണനിര്‍വഹണം എന്നതു ശാസ്ത്രീയമായ ഒരു സാങ്കേതികവിദ്യയാണ്. അക്കാര്യത്തില്‍ മോദി വിദഗ്ധനാണ്. പിഎസി ചെയര്‍മാനായിരിക്കെ നോട്ട് നിരോധനക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ വിശദീകരണം തേടി. ഡിസംബര്‍ 31നു മുന്‍പ് എല്ലാം ശരിയാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുപോലെതന്നെ സംഭവിച്ചു. രാജ്യത്തു കലാപമൊന്നുമുണ്ടായില്ല.

ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മോദിക്കു കഴിയുന്നുണ്ട്. ബൊഫോഴ്സ് മുതലിങ്ങോട്ട് ഒട്ടേറെ പ്രശ്നങ്ങളെ കോണ്‍ഗ്രസ് നേരിട്ടു. എന്നാല്‍ എല്ലാ പ്രശ്നങ്ങളെയും മോദി സവിശേഷമായ മാനേജ്മെന്റ് ടെക്നിക് ഉപയോഗിച്ചു കൈകാര്യം ചെയ്യുന്നു.

മീഡിയ, ജുഡീഷ്യറി എന്നിവയിലെല്ലാം നാലുകൊല്ലമായി മോദിയുടെ ഈ വൈദഗ്ധ്യം കാണാം. രാഷ്ട്രീയമായും ആശയപരമായും മോദിയെ മിക്ക കാര്യങ്ങളിലും എതിര്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഈ സവിശേഷത കാണാതിരിക്കാനാവില്ല. തോമസിന്റെ ഈ പ്രസംഗത്തിന്റെ വീഡിയോ ബിജെപി അനുകൂല സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ അതിവേഗം പ്രചരിക്കുകയാണ്.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ തോമസിന്റെ പ്രസംഗത്തിന്റെ വീഡിയോ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. സോഷ്യല്‍മീഡിയ പേജുകളിലൂടെ ഈ പ്രസംഗം തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് എംപി പോലും മോദിയെ പ്രശംസിക്കുന്നുവെന്ന തരത്തിലാണ് പ്രചരണം. എന്തായാലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് തോമസിന്റെ പ്രസംഗം ചെറിയ തോതിലെങ്കിലും വളംവച്ചിട്ടുണ്ട്.

Related posts