തോമസ് ചാണ്ടി വിഷയം പിരിമുറുക്കത്തിലേയ്ക്ക്! ഇടതുമുന്നണിയില്‍ ഇടര്‍ച്ച; മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത് ചര്‍ച്ചയാവുന്നു

തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നു സിപിഐയും എന്‍സിപിയും ഉറപ്പിച്ച് പറഞ്ഞിട്ടും കുലുക്കമില്ലാതെ മന്ത്രി തോമസ് ചാണ്ടി. രാജി ഉറപ്പാക്കാന്‍ മുഖ്യമന്ത്രിക്കു ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്. നിരപരാധിയാണെന്നു തെളിയിക്കാന്‍ തോമസ് ചാണ്ടിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചിരുന്നുവെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിലെ ‘തോമസ് ചാണ്ടി: എല്‍ഡിഎഫ് രാഷ്ട്രീയം നേരിടുന്നത് കനത്ത വെല്ലുവിളി’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം വ്യക്തമാക്കുന്നു.

മന്ത്രിപദവി നിലനിര്‍ത്തിക്കൊണ്ടു സുപ്രീം കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെങ്കില്‍ അതു കേരളത്തിലെ എല്‍ഡിഎഫിനോടും സംസ്ഥാന സര്‍ക്കാരിനോടും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായി മാത്രമേ വിലയിരുത്താനാകൂ. എന്നും സിപിഐ ആഞ്ഞടിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ധാര്‍മ്മികതയ്ക്ക് കനത്ത വെല്ലുവിളിയും ഉയര്‍ന്നു കഴിഞ്ഞു.

ഇതിനൊക്കെ പുറമേയാണ് സെക്രട്ടേറിയറ്റില്‍ ആരംഭിച്ച മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐയിലെ നാല് മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ മുറിയിലാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ ഇവര്‍ തങ്ങുന്നതെന്നാണ് സൂചന.

 

Related posts