ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ചോദിച്ച് രംഗത്തു വന്നതോടെ നിര്‍മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്. തൊഴിലാളികളുടെ കുറവുമൂലം കേരളത്തിലെ നിര്‍മാണമേഖല സ്തംഭനാവസ്ഥയിലായിരിക്കുന്ന സാഹചര്യത്തിലാണ് നിലവില്‍ ഇവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ചോദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ആയിരം രൂപയായിരുന്ന കൂലി കഴിഞ്ഞ ആറുമാസത്തിനിടെ 1100 രൂപയായി വര്‍ധിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പായിപ്പാട്ടും സമീപ പ്രദേശങ്ങളിലും ക്യാമ്പുചെയ്യുന്ന തൊഴിലാളികള്‍ 1400 രൂപവരെ കൂലി ചോദിക്കുന്നതായാണ് പരാതി. മേസ്തിരിയുടെ കൂലി 1300 ആയിരുന്നു.എന്നാല്‍ 1500 രൂപ കിട്ടിയാലേ ജോലിക്കു വരികയുള്ളൂവെന്ന് ശഠിക്കുന്നതായാണ് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
തൊഴിലാളികളുടെ ലഭ്യതക്കുറവ് മനസിലാക്കി തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ഇടനിലക്കാരായ ചിലര്‍ കൂലി വര്‍ധനയ്ക്കു പിന്നിലെന്നും സൂചനകളുണ്ട്.ഇതരസംസ്ഥാന തൊഴിലാളികള്‍ കൂലിവര്‍ധന ആവശ്യപ്പെടുന്നതിനെതിരേ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പായിപ്പാട് കവലയില്‍ പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു. അധിക കൂലി ചോദിക്കുന്നത് അന്യായമാണെന്ന് ബിബിസിഎ ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.എസ്. ഷാജി, സംസ്ഥാന സെക്രട്ടറി ടി.വിനോദ് എന്നിവര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി കൂട്ടത്തോടെ ബംഗാളിലേക്കുപോയ തൊഴിലാളികള്‍ മടങ്ങിവരാന്‍ വൈകുന്നത് കേരളത്തിന്റെ സമസ്തമേഖലകളിലും കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യ പൊതുമേഖലകളിലെ നിര്‍മാണങ്ങളെല്ലാം തടസപ്പെട്ടു കിടക്കുകയാണ്. ഇതിനിടെയിലാണ് ഇവിടെയുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ അധികകൂലി ആവശ്യപ്പെടുന്നത്.
ബംഗാളില്‍നിന്നും തൊഴിലാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങിവരാന്‍ കൂടുതല്‍ ട്രെയിന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. അടുത്ത രണ്ടാഴ്ചയ്ക്കിടെ കൂടുതല്‍ തൊഴിലാളികള്‍ മടങ്ങിയെത്തുമെന്നാണ് കരാറുകാരുടെ പ്രതീക്ഷ.
ഇതര സംസ്ഥാന തൊഴിലാളികള്‍ അധിക കൂലി ആവശ്യപ്പെടുന്നതിന് തടയിടാന്‍ കേരളസര്‍ക്കാരിന്റെ ഇടപെടലുകളുണ്ടാകണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്.
