അതിഥികളെ സൽക്കരിക്കാൻ ഇന്ത്യക്കാരെ കഴിഞ്ഞിട്ടേ വേറെ ആളുകൾ ഉള്ളൂ എന്നാണ് പൊതുവെ പറയുന്നത്. അത് തെളിയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിജിയിൽ ജനിച്ച് ന്യൂസിലൻഡിൽ താമസിക്കുന്ന ലെപ്പാനി എന്ന മ്യുസീഷ്യനാണ് വീഡിയോ പങ്കുവച്ചത്.
മൈസൂരിലെ ഒരു തെരുവിൽ വെച്ച് അപരിചിതർ തനിക്ക് സൗജന്യമായി ബിരിയാണിയും ചിക്കൻ കറിയും നൽകിയ അനുഭവത്തെ കുറിച്ചാണ് ലെപ്പാനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
മൈസൂരിലെ തിരക്കേറിയ ഒരു തെരുവിലൂടെ നടക്കുകയായിരുന്നു യുവാവ്. അപ്പോഴാണ് മൂക്ക് തുളയ്ക്കുന്ന നിലയിൽ നല്ല വാസന വന്നത്. പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചപ്പോൾ റോഡിന് അപ്പുറത്ത് ഒരു വലിയ ചെമ്പിൽ നിന്നും ഒരാൾ ആളുകൾക്ക് ബിരിയാണി വിളമ്പുന്നത് കണ്ടു.
അത് ലെപ്പാനി നോക്കുന്നത് കണ്ടപ്പോൾ ബിരിയാണി വിളന്പുന്ന യുവാവ് അദ്ദേഹത്തെ അടുത്തേക്ക് വിളിപ്പിച്ചു. ഉടനെ ലെപ്പാനി യുവാവിന്റെ അടുത്തെത്തി ബിരിയാണിയുടെ പ്ലേറ്റിന് എത്ര രൂപയാകുമെന്ന് ചോദിച്ചു, ‘പണം വേണ്ട, ഭക്ഷണം കഴിക്കൂ’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
വലിയൊരു പ്ലേറ്റ് നിറയെ ബിരിയാണിയും അതിനു മുകളിൽ ചിക്കൻ കറിയും ലെപ്പാനിക്ക് യുവാവ് നൽകി. ആ നാട്ടുകാർക്കൊപ്പം തെരുവോരത്ത് നിന്ന് കഴിച്ച ആ ബിരിയാണി തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വിഭവമായിരുന്നു എന്ന് ലെപ്പാനി പറഞ്ഞു.
