ഭർത്താവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ചിതാഭസ്മം ഒഴുക്കിക്കളയാൻ ഭാര്യ തെരഞ്ഞെടുത്ത വിദ്യയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനങ്ങളെ അങ്ങേയറ്റം ഇഷ്ടപ്പെട്ട അലൻ ബ്ലാഡർ ക്യാൻസറും വൃക്കരോഗവും ബാധിച്ച് 2025 മെയ് മാസത്തിൽ വിടപറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ 70 കാരി ജെന്നി ഫോക്സ്ഡ്രോൺ ഉപയോഗിച്ച് കടലിനു മുകളിൽ അദ്ദേഹത്തിന്റെ ചിതാഭസ്മം വിതറി.
സ്കെഗ്നസ് കടൽത്തീരത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടിയ വേളയിൽ, ഡ്രോൺ അവർക്ക് മുകളിലൂടെ വട്ടമിട്ടു പറന്ന് ചിതാഭസ്മം നോർത്ത് സീയിലേക്ക് ഒഴുക്കുകയായിരുന്നു. ‘വാക്കുകൾക്ക് അതീതമായിരുന്നു ആ അനുഭവം, അത് അത്രമേൽ മനോഹരമായിരുന്നു’ എന്നാണ് ജെന്നി ഇതേ കുറിച്ച് പറഞ്ഞത്.
അലന് വിമാനങ്ങളോടുള്ള താൽപ്പര്യം കാരണമാണ് ചിതാഭസ്മം വിതറാൻ ഡ്രോൺ തെരഞ്ഞെടുത്തതെന്ന് ജെന്നി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ എല്ലാവരെയും വല്ലാതെ തളർത്തിയിരുന്നു. എന്നാൽ, ഈ ചിതാഭസ്മം വിതറിയത് അദ്ദേഹത്തിനുള്ള മാന്യമായ ഒരു വിടവാങ്ങലും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആഘോഷം ഓർമപ്പെടുത്തുന്നതും ആയിരുന്നു’ എന്നും ജെന്നി കൂട്ടിച്ചേർത്തു.
