എന്നും വിവാദനായകന്‍! ഇ. ശ്രീധരനെതിരേ കത്തയച്ച് സര്‍ക്കാരിന്റെ കണ്ണിലെ കരടുമായി

tomഎം.ജിഎല്‍

വിവാദങ്ങളിലൂടെയാണ് ടോം ജോസ് ഐഎഎസിന്റെ യാത്ര. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോയുടെ അമരത്തുനിന്ന് നീക്കിയതുമുതല്‍ വിവാദങ്ങള്‍ കൂടെപ്പിറപ്പാണ്. മുംബൈയിലും പൂനയിലും അനധികൃതമായ ഭൂമി സ്വന്തമാക്കിയെന്നാരോപിച്ച് ചാനല്‍ വിചാരണ… ഇപ്പോള്‍ വിജിലന്‍സിന്റെ വാള്‍ ടോം ജോസിന്റെ നേരെ ഉയരുന്നു. 1984 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടോം ജോസിന്റെ ഔദ്യോഗികജീവിതത്തിലൂടെ.

കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ടോം ജോസിനെയായിരുന്നു അന്ന് തലപ്പത്ത് പ്രതിഷ്ടിച്ചിരുന്നത്. എന്നാല്‍ പലപ്പോഴും സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണങ്ങള്‍ അദേഹത്തിനെതിരേ ഉയര്‍ന്നുവന്നു. മെട്രോ നിര്‍മാണ കരാറുകള്‍ താല്പര്യക്കാര്‍ക്ക് നല്കാന്‍ ടോം ശ്രമിക്കുന്നതായി ആദ്യം ആരോപണം ഉന്നയിച്ചത് അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനാണ്. ടോം ജോസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്ന് ഡിവൈഎഫ്‌ഐയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയുമെല്ലാം നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭങ്ങളും നടന്നിരുന്നു. അന്തരിച്ച ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അടക്കമുള്ളവരും പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

മെട്രോയില്‍നിന്നു മാറ്റിയശേഷവും വിവാദങ്ങള്‍ക്ക് കുറവുണ്ടായില്ല. കൊച്ചി മെട്രോയുടെ ഉപദേഷ്ടാവും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ എംഡിയുമായ ഇ. ശ്രീധരനെതിരേ കേന്ദ്ര നഗരവികസന വകുപ്പ് മേധാവിക്ക് രഹസ്യ കത്തയച്ചതോടെ വീണ്ടും ടോം മാധ്യമവാര്‍ത്തകളില്‍ നിറഞ്ഞു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും ഇദ്ദേഹത്തെ പരസ്യമായി ശാസിക്കുകയും ചെയ്തു.

തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയില്‍ എസ്‌റ്റേറ്റ് വാങ്ങിയെന്ന വന്‍ ആരോപണം ടോമിനെത്തേടിയെത്തുന്നത്. അഴിമതിപ്പണം ഉപയോഗിച്ചാണ് ടോമും കുടുംബവും എസ്‌റ്റേറ്റ് വാങ്ങിയതെന്ന പരാതിയില്‍ ഇപ്പോഴും അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഒന്നുപോലും തെളിയിക്കാന്‍ അന്വേഷണസംഘത്തിനായിട്ടുമില്ല. മഹാരാഷ്ട്രയിലെ സിന്ധു ദുര്‍ഗ്ഗ താലൂക്കില്‍ ആണ് ഒരു കോടി അറുപത്തി മൂന്ന് ലക്ഷം രൂപയ്ക്ക് എസ്‌റ്റേറ്റ് വാങ്ങിയത്. എന്തായാലും വിവാദങ്ങള്‍ കൊണ്ട് തളരില്ലെന്നാണ് ടോം ജോസിന്റെ നിലപാട്.

ടോം ജോസിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ  ടോം ജോസിന്റെ തിരുവനന്തപുരത്തെ ഫഌറ്റില്‍ വിജിലന്‍സ് റെയ്ഡ്. എറണാകുളത്തെ കലൂരിലുള്ള ഫ്‌ളാറ്റില്‍ വിജിലന്‍സ് റെയ്ഡിനെ ത്തിയെങ്കിലും പൂട്ടിക്കിടക്കുന്നതിനാല്‍ തുടങ്ങാനായില്ല. വിജിലന്‍സ് എറണാകുളം സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് ടോം ജോസിനെതിരെ ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. എറണാകുളം സ്‌പെഷല്‍ സെല്ലിനാണ് കേസിന്റെ അന്വേഷണച്ചുമതല. തിരുവനന്തപുരം വെള്ളയമ്പലത്തെ ഫഌറ്റിലാണ് ഇന്നു രാവിലെ ആറു മുതല്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗയില്‍ ടോം ജോസ് നടത്തിയ 50 ഏക്കര്‍ ഭൂമിയിടപാടിലും എറണാകുളത്ത് ഫഌറ്റ് വാങ്ങിയതിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണമെന്നാണ് വിവരം. ടോം ജോസിന്റെ വരുമാനത്തിന്റെ 65 ശതമാനവും അനധികൃത സ്വത്താണെന്നാണ് വിജിലന്‍സിന്റെ എഫ്‌ഐആറിലെ സൂചന.

 

Related posts