കഥ ഇങ്ങനെ…! ആറുമാസത്തോളം പ്രണയം; വിവാഹം ആലോചിച്ചപ്പോള്‍ വീട്ടുകാര്‍ വിസമ്മതിച്ചു; വിദ്യാര്‍ഥിനി പ്രണയത്തില്‍നിന്നു പിന്മാറി; ഒടുവില്‍…

death

കോട്ടയം: പ്രണയം തകര്‍ന്ന വൈരാഗ്യത്തില്‍ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു സഹപാഠി തീകൊളുത്തി, പൊള്ളലേറ്റ ഇരുവരും ആശുപത്രിയില്‍ മരിച്ചു. ഇവരെ രക്ഷിക്കാനെത്തിയ സഹപാഠികള്‍ക്കും പൊള്ളലേറ്റു.

ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷനിലെ (എസ്എംഇ) നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ഥിനി ഹരിപ്പാട് ചിങ്ങോലി ശങ്കരമംഗലം കൃഷ്ണ കുമാറിന്‍റെ മകള്‍ കെ. ലക്ഷ്മി (21), കോളജിലെ പൂര്‍വവിദ്യാര്‍ഥി കൊല്ലം നീണ്ടകര പുത്തന്‍തുറ കൈലാസമംഗലത്ത് ആദര്‍ശ്(25) എന്നിവരാണു മരിച്ചത്. ആദര്‍ശ് ഇന്നലെ 6.15നും ലക്ഷ്മി രാത്രി 7.15നുമാണ് മരിച്ചത്. ഏറ്റുമാനൂര്‍ സിഐ സി.ജെ. മാര്‍ട്ടിന്‍, എസ്‌ഐ എം.ജെ. അരുണ്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ആക്രമണം തടയാനെത്തിയ വിദ്യാര്‍ഥികളായ മുണ്ടക്കയം പഴാശേരില്‍ അജ്മല്‍ (21), മുണ്ടക്കയം പറത്താനം കളത്തിങ്കല്‍ അശ്വിന്‍(20) എന്നിവര്‍ക്കും പൊള്ളലേറ്റു. പെണ്‍കുട്ടിക്ക് 60 ശതമാനം പൊള്ളലും ആക്രമണം നടത്തിയ ആദര്‍ശിന് 80 ശതമാനവും പൊള്ളലുമേറ്റിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30ന് കൈയില്‍ കരുതിയ പെട്രോളുമായി ക്ലാസ് മുറിയിലേക്ക് എത്തിയ യുവാവ് പെണ്‍കുട്ടിയുടെ ശരീരത്തിലേക്കു പെട്രോള്‍ ഒഴിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ആക്രമണത്തില്‍ പകച്ചുപോയ പെണ്‍കുട്ടി രക്ഷപ്പെടാനായി ലൈബ്രറിയിലേക്ക് ഓടി. പിന്നാലെ എത്തി പെണ്‍കുട്ടിയുടെ ശരീരത്തിലേക്കു വീണ്ടും പെട്രോള്‍ ഒഴിച്ച യുവാവ് സ്വയം തീ കൊളുത്തിയ ശേഷം പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു. ഇതോടെ ഇരുവരുടെയും ശരീരത്തില്‍ തീപടര്‍ന്നു. ആക്രമണം കണ്ടു തടയാന്‍ ഓടിയെത്തിയ രണ്ടു വിദ്യാര്‍ഥികള്‍ക്കും പൊള്ളലേറ്റു.

ആറു മാസത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നതായി പോലീസ് പറയുന്നു. ഇതിനിടെ, യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം ആലോചിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിച്ചു. പിന്നീടു യുവാവ് പലതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാഭ്യര്‍ഥന നടത്തി.

വീട്ടുകാര്‍ എതിര്‍പ്പ് ഉയര്‍ത്തിയതോടെ പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറി. എന്നാല്‍, യുവാവ് ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കായംകുളം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നു യുവാവിനെയും പിതാവിനെയും പോലീസ് വിളിച്ചുവരുത്തി താക്കീത് ചെയ്തിരുന്നു.

ഇന്നലെ സപ്ലിമെന്‍ററി പരീക്ഷയ്ക്കായി കാമ്പസില്‍ എത്തിയ ആദര്‍ശ് പെണ്‍കുട്ടിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടി താത്പര്യമില്ലെന്ന് അറിയിച്ചതോടെ പുറത്തുപോയ യുവാവ് പട്രോള്‍ പമ്പില്‍നിന്നു പട്രോളുമായി മടങ്ങിയെത്തി പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

ലക്ഷ്മിയുടെ പിതാവ് കൃഷ്ണകുമാര്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് : ഉഷാറാണി ( ടീച്ചര്‍ ജിഎച്ച്എസ് ഹരിപ്പാട്) സഹോദരന്‍: ശങ്കരനാരായണന്‍ (പ്ലസ് വണ്‍ വിദ്യാര്‍ഥി). നീണ്ടകര പുത്തന്‍തുറ എഎംസി ജംഗ്ഷനില്‍ കൈലാസ മംഗലത്ത് (കൊച്ചു കാട്ടില്‍) സുനീതന്‍റെയും കുമാരിയുടെയും മകനാണ് ആദര്‍ശ്. സഹോദരങ്ങള്‍: സുജിത്ത്, സുനിത്, അഖില്‍. എസ്എംഇക്ക് ഇന്ന് അവധിയായിരിക്കും.

Related posts