മമ്മൂട്ടിയേക്കാള്‍ കേമനാകാന്‍ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്! ആ 54 സിനിമകളില്‍ ഞങ്ങള്‍ അഭിനയിച്ചിതിങ്ങനെ; ഓര്‍മ്മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍

indexമമ്മൂട്ടിയും മോഹന്‍ലാലും ഒരേ സിനിമയില്‍ അഭിനയിക്കുന്നത് ഇക്കാലത്ത് വലിയ വാര്‍ത്തയാണ്. മുഴുനീള കഥാപാത്രങ്ങളല്ലാതെ, ഒരാള്‍ പ്രധാന കഥാപാത്രവും മറ്റൊരാള്‍ അതിഥിതാരവുമായി എത്തിയാലും പ്രേക്ഷകന് കൗതുകം പകരുന്നതാണ് അത്. മോഹന്‍ലാലിന്റെ എക്കാലത്തെയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റുകളില്‍ ഒന്നായ നരസിംഹത്തിലെ മമ്മൂട്ടിയുടെ അഡ്വ: നന്ദഗോപാല്‍ മാരാര്‍ക്ക് ലഭിച്ച സ്വീകരണം ഉദാഹരണം. ഹരികൃഷ്ണന്‍സില്‍ ടൈറ്റില്‍ കഥാപാത്രങ്ങളായി ഒരുമിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയുംനീട്ടി സ്വീകരിച്ചു. എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേസിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഒരു വാര്‍ത്തയേ അല്ലാതിരുന്ന കാലമുണ്ടായിരുന്നു.

എണ്‍പതുകളിലായിരുന്നു ആ ട്രെന്റ് ഏറ്റവും കൂടുതല്‍. ഐ.വി.ശശിയുടെയും പി.ജി.വിശ്വംഭരന്റെയും കെ.എസ്.സേതുമാധവന്റെയുമൊക്കെ അനേകം സിനിമകളില്‍ ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തി. ആ ചിത്രങ്ങളിലെ, മമ്മൂട്ടിക്കൊപ്പമുള്ള അഭിനയാനുഭവത്തെക്കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. ‘ഇരുവരുടെയും കരിയര്‍ ഇത്രയും കാലം പിന്നിടുമ്പോഴും ഇതുവരെ അഭിനയത്തിന്റെ കാര്യത്തില്‍ ഒരു മത്സരം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച സിനിമകളില്‍ അഭിനയം മികച്ചതാക്കാനായി പരസ്പരം മത്സരിച്ചിട്ടുണ്ട്’. മോഹന്‍ലാല്‍ പറയുന്നു. 54 ചിത്രങ്ങളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അത്തരം ചിത്രങ്ങളില്‍ ഞങ്ങള്‍ മത്സരിച്ചിട്ടുമുണ്ട്, അഭിനയത്തിന്റെ കാര്യത്തില്‍ മറ്റെയാളെ മറികടക്കുന്നതിനായി. രഞ്ജിത്തിന്റെ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടിയിലാണ് അവസാനമായി മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചത്. മാത്യു ജോര്‍ജ്ജ് എന്ന മാത്തുക്കുട്ടിയായി മമ്മൂട്ടി നായകനായപ്പോള്‍ മോഹന്‍ലാലായിത്തന്നെയാണ് ലാല്‍ എത്തിയത്. ചിത്രത്തില്‍ ജയറാമും ദിലീപുമൊക്കെ അവരവരായിത്തന്നെ എത്തിയിരുന്നു.

Related posts