അനേകം ഭിന്നലിംഗക്കാര്‍ക്ക് പ്രതീക്ഷയേകി 41കാരി പുരുഷനായി; ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ചരിത്രം കുറിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ്

tvmതിരുവനന്തപുരം:ലിംഗമാറ്റ ശസ്ത്രക്രിയയില്‍ വിജയത്തിന്റെ പുതുചരിതമെഴുതി തിരുവനന്തപുരം മെഡിക്കല്‍ കോളജ്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയ്‌ക്കൊടുവില്‍ തിരുവനന്തപുരം സ്വദേശിയായ 41കാരിയാണ് പുരുഷനായി മാറിയത്. ശസ്ത്രക്രിയ വിജയിച്ചത് സംസ്ഥാനത്തെ അനേകം ഭിന്നലിംഗക്കാര്‍ക്ക് പ്രതീക്ഷയേകുന്നതാണ്. ദീര്‍ഘകാലമായി പുരുഷനാകാന്‍ കൊതിച്ചയാളാണ് ശസ്ത്രക്രിയയ്ക്കു വിധേയയായ സ്ത്രീ.ശസ്ത്രക്രിയയ്ക്കു വിധേയനായ ആളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ലിംഗമാറ്റ പ്രക്രിയയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്നുവര്‍ഷമെടുത്തതായി ശസ്ത്രക്രിയയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ പറയുന്നു.പത്തുലക്ഷം രൂപയോളം ചെലവ് വരുന്ന ശസ്ത്രക്രിയ വെറും മൂന്ന് ലക്ഷം രൂപയ്ക്കാണ് മെഡിക്കല്‍ കോളേജില്‍ നടന്നത്.

ഏറെ ദുഷ്ക്കരമായ ജോലിയായിരുന്നുവെന്നും കാര്യം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷത്തിനിടയില്‍ മൂന്ന് ഘട്ടങ്ങളിലായി അനേകം ശസ്ത്രക്രിയകള്‍ വേണ്ടി വന്നതായും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. കെ അജയകുമാര്‍ ഒരു ദേശീയമാധ്യമത്തോട് പറഞ്ഞു. മാറിടം, ഗര്‍ഭപാത്രം, ലൈംഗികാവയവം എന്നവയെല്ലാം ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി മുറിച്ചുമാറ്റി. പകരം പുരുഷാവയവങ്ങള്‍ വെച്ചു പിടുപ്പിക്കേണ്ടി വന്നു. ഇതില്‍ പുരുഷലൈംഗികാവയവം വെച്ചു പിടുപ്പിക്കലായിരുന്നു ഏറെ ബുദ്ധിമുട്ട്. ഇതിനായി രണ്ടു ദിവസം വേണ്ടിവന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു. മെഡിക്കല്‍ കോളേജില്‍ ഇത് ഒരു ദിവസം കൊണ്ടുപൂര്‍ത്തിയാക്കാനാകുമായിരുന്നില്ല. ഇപ്പോള്‍ എല്ലാ പുരുഷാവയവങ്ങളും വെച്ചു പിടുപ്പിച്ച് ഇയാള്‍ ഒരു പൂര്‍ണ്ണ പുരുഷനായി മാറിയിട്ടുണ്ട്.

ചെറുപ്പം മുതല്‍ പുരുഷത്വം കൂടെയുണ്ടായിരുന്നെങ്കിലും സ്ത്രീയായിട്ടായിരുന്നു ഇവര്‍ വളര്‍ന്നത്. എന്നാല്‍ അന്നുമുതല്‍ മാതാപിതാക്കളോട് പുരുഷനാകുന്നതിനെ കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തിരുന്നു. വിവിധ വകുപ്പുകളില്‍ നിന്നുള്ള വിദഗ്ധരുടെ കൗണ്‍സിലിംഗിനു ശേഷം രോഗിയെ മെഡിക്കല്‍ ബോര്‍ഡിന് മുമ്പാകെ എത്തിച്ചു. തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായി ഇവരില്‍ പുരുഷഹോര്‍മോണ്‍ കുത്തിവെച്ചു. ഈ ഹോര്‍മോണ്‍ ചികിത്സ ഒരു വര്‍ഷത്തോളം തുടര്‍ന്നു. ഇതിന് ശേഷമാണ് ഇവരെ വിവിധ ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്.തുടയില്‍ നിന്നുമായിരുന്നു കൃത്രിമ പുരുഷാവയവം വെച്ചുപിടുപ്പിക്കാനുള്ള മസിലുകള്‍ എടുത്തത്.

വച്ചുപിടിപ്പിച്ച പുരുഷ ലൈംഗികാവയവം വഴി ഇയാള്‍ക്ക് ഇപ്പോള്‍ മൂത്ര വിസര്‍ജ്ജനം നടത്താന്‍ കഴിയുന്നുണ്ടെങ്കിലും അവയവം വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ട്. ഇതിനായി പ്രത്യേക ശസ്ത്രക്രിയ വേണ്ടിവരുമെന്നും ശസ്ത്രക്രിയയുടെ ചെലവ് താങ്ങാന്‍ കഴിയാത്തതാണെന്നും ഇവര്‍ പറയുന്നു. ആണായി മാറാന്‍ പല സ്വകാര്യ ആശുപത്രികളെയും സമീപിച്ച ശേഷമാണ് ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചത്.

Related posts