മലയാളി പെണ്‍കുട്ടി ഉള്‍പ്പെട്ട ചൊവ്വായാത്ര വെറും തള്ള് ! പദ്ധതിയുടെ പിന്നില്‍ നിഗൂഢമായ ലക്ഷ്യങ്ങളെന്ന് സംശയം; മാര്‍സ് വണ്‍ കമ്പനിയുടെ ചൊവ്വാദൗത്യത്തെക്കുറിച്ച് വെളിയില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍…

ഇപ്പോള്‍ ശാസ്ത്രകാരന്മാരെല്ലാം ചന്ദ്രനെ വിട്ട് ചൊവ്വയ്ക്കു പിന്നാലെയാണ്. ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കുക, ചൊവ്വയില്‍ കോളനി സ്ഥാപിക്കുക തുടങ്ങിയ ചിന്തകളും തകൃതിയായി നടക്കുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ മാഴ്‌സ് വണ്‍ എന്ന കമ്പനി 2025ഓടെ മനുഷ്യരെ ചൊവ്വയിലിറക്കും എന്ന അവകാശവാദത്തോടെ മുന്നോട്ടുവന്നത്. യാത്രാപദ്ധതിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് കമ്പനി പരസ്യം ചെയ്തു. 2013ലാണ് മാഴ്‌സ് വണ്‍ പദ്ധതി പ്രഖ്യാപിച്ചത്.

ചൊവ്വായാത്രയ്ക്ക് താല്‍പര്യമുള്ള രണ്ടു ലക്ഷത്തിലധികം ആളുകള്‍ തങ്ങളെ സമീപിച്ചെന്നായിരുന്നു അന്ന് കമ്പനി പറഞ്ഞത്. ഇതില്‍ നിന്ന് നൂറുപേരെ തെരഞ്ഞെടുത്തു. ഈ 100 പേരില്‍ പാലക്കാട്ടുകാരിയായ ശ്രദ്ധാപ്രസാദ് എന്ന പെണ്‍കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വാര്‍ത്ത പുറത്തുവന്നതോടെ വന്‍ പബ്ലിസിറ്റിയാണ് ശ്രദ്ധക്ക് കിട്ടിയത്. ഭൂമിയില്‍ നിന്ന് ചൊവ്വയിലേക്ക് പോകുന്ന യാത്ര തിരിച്ചുവരാത്ത യാത്രയാണെന്നും ചൊവ്വയില്‍ മനുഷ്യരുടെ കോളനി ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി തയ്യാറാക്കിയ മാഴ്‌സ് വണ്‍ പ്രഖ്യാപിച്ചിരുന്നു.

രണ്ടു ലക്ഷത്തില്‍ നിന്ന് തിരഞ്ഞെടുത്ത നൂറുപേരില്‍ മലയാളി പെണ്‍കുട്ടി ഉള്‍പ്പെട്ടത് അഭിമാനാര്‍ഹമാണെന്ന് മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ വാഴ്ത്തിപ്പാടുകയും ചെയ്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട നൂറുപേരില്‍ നിന്ന് 24 പേരെ വീണ്ടും തെരഞ്ഞെടുക്കും. അതില്‍ നിന്ന് നാലുപേരെയാണ് ചൊവ്വയിലേക്ക് അയക്കുക എന്നതാണ് കമ്പനിയുടെ പ്രഖ്യാപനം. മൂന്നാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ നിശ്ചയദാര്‍ഢ്യം അതിശയകരമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നുവെന്നുമാണ് മാഴ്‌സ് വണ്‍ പദ്ധതിയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നോബര്‍ട്ട് ക്രാഫ്റ്റ് പറയുന്നത്.

യാത്രയിലുള്ള റിസ്‌കുകളുടെ സാധ്യത മനസ്സിലാക്കാനുള്ള കഴിവും ടീം സ്പിരിറ്റും ജീവിതത്തെ അപ്പാടെ മാറ്റി മറിക്കുന്ന സാഹചര്യവുമായി ഇണങ്ങാനുള്ള മോട്ടിവേഷനും ഒക്കെ വിലയിരുത്തി നടത്തിയ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ നിന്നാണ് മൂന്നാംഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയത്. ഇങ്ങനെ തെരഞ്ഞെടുത്ത നൂറുപേരിലാണ് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയും 19കാരിയുമായ ശ്രദ്ധ ഉള്‍പ്പെട്ടത്.അടുത്ത സെലക്ഷന്‍ റൗണ്ടുകളില്‍ ചൊവ്വയില്‍ സ്ഥിരതാമസമാക്കുമ്പോള്‍ നേരിട്ടേക്കാവുന്ന വൈഷമ്യങ്ങള്‍ എങ്ങനെ ഒരു ടീമായി തരണം ചെയ്യും എന്നത് കേന്ദ്രീകരിച്ചാണെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ പദ്ധതി ഭൂലോക തട്ടിപ്പാണെന്ന തരത്തിലുള്ള ചില സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഭൗതിക ശാസ്ത്രജ്ഞരടക്കം പലരും ഈ പദ്ധതിയുടെ സാധ്യതയും പ്രചരണത്തിന്റെ ആധികാരികതയും ചോദ്യം ചെയ്ത് മുന്നോട്ടുവന്നിട്ടുണ്ട്. ഇപ്പോള്‍ കമ്പനി ആളെ തെരഞ്ഞെടുക്കാന്‍ നടത്തിയ സ്‌ക്രീനിങ് ടെസ്റ്റ് ഒരു ബഹിരാകാശ യാത്രക്ക് ആളെ തെരഞ്ഞെടുക്കാന്‍ തീരെ പര്യാപ്തമായിരുന്നില്ലായെന്നും ഒരു ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവും കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ഒരു ചോദ്യാവലിയുമായിരുന്നു അതിന്റെ ആധാരം എന്നുമൊക്കെയാണ് വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. അപേക്ഷകരുടെ എണ്ണം രണ്ടുലക്ഷമായിരുന്നുവെന്ന് കമ്പനി അവകാശപ്പെടുമ്പോഴും യഥാര്‍ത്ഥത്തില്‍ മൂവായിരത്തില്‍ താഴെ പേരുമാത്രമേ അപേക്ഷിച്ചിരുന്നുള്ളൂവെന്ന വിവരവും പുറത്തുവന്നിരിക്കുകയാണ്.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് കമ്പനി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ മീഡിയ ഇന്റര്‍വ്യൂവില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ 75 ശതമാനം കമ്പനിക്ക് നല്‍കണം എന്നൊരു ആവശ്യം കൂടിയുണ്ടായിരുന്നത്രേ.. ഇങ്ങനെ മൊത്തം നോക്കുമ്പോള്‍ ഈ ചൊവ്വായാത്ര പരിപാടി നടക്കുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ആരും തന്നെ കരുതുന്നില്ല. ആളുകളെ പറഞ്ഞ് മോഹിപ്പിച്ച് ഫണ്ട് സ്വരൂപിക്കാനുള്ള ഒരു തട്ടിപ്പാണോ ഇതെന്ന് സംശയിക്കുന്നവരും കുറവല്ല. ഇക്കാര്യത്തെക്കുറിച്ച് ശാസ്ത്ര എഴുത്തുകാരന്‍ വൈശാഖന്‍ തമ്പി ഫേസ്ബുക്കില്‍ ഇട്ട് കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്…

Related posts