സാഹിത്യപ്രവര്‍ത്തനവും പത്രം നടത്തിപ്പുമായി നടന്നിരുന്ന മെലിഞ്ഞുണങ്ങിയ “ചെറുക്കന്‍’! സോമന്‍ മൂത്ത മാവോയിസ്റ്റെന്ന് പോലീസ്; അന്തംവിട്ട് കല്‍പ്പറ്റ നഗരവാസികള്‍

somanകല്‍പ്പറ്റ: പശ്ചിമഘട്ടം പ്രവര്‍ത്തനമേഖലയാക്കിയ മാവായിസ്റ്റുകളില്‍ പ്രധാനിയാണ് വയനാട്ടുകാരന്‍ സോമന്‍ എന്ന് പോലീസ് പറയുമ്പോള്‍ അന്തംവിടുകയാണ് കല്‍പ്പറ്റ നഗരത്തില്‍ അയാളെ അടുത്തറിയാവുന്നവര്‍. സാഹിത്യപ്രവര്‍ത്തനവും പത്രം നടത്തിപ്പുമായി നടന്നിരുന്ന മെലിഞ്ഞുണങ്ങിയ “ചെറുക്കന്‍’  സര്‍ക്കാരിനുനേരേ  തോക്കുംപിടിച്ച് നില്‍ക്കുന്നതിനെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാനേ കഴിയുന്നില്ല. ദുഷിച്ച സാമൂഹിക വ്യവസ്ഥയുടെ ഇരയാണ് സോമനെന്ന് കരുതുന്നവരും നഗരത്തിലുണ്ട്. കോളജ് വിദ്യാഭ്യാസകാലത്ത് ബിജെപിയുടെ വിദ്യാര്‍ഥി ഘടകമായ എബിവിപിയുടെ സജീവപ്രവര്‍ത്തകനായിരുന്ന സോമനെ പില്‍ക്കാലത്ത് മാവോയിസ്റ്റാക്കിയതിന്റെ ഉത്തരവാദിത്തം കൊള്ളപ്പലിശക്കാര്‍ക്കാണെന്ന് അടക്കം പറയുന്നവരും നിരവധി.

കല്‍പ്പറ്റ ചുഴലി പുലയക്കൊല്ലിയില്‍ രാമന്‍കുട്ടി-ദേവി ദമ്പതികളുടെ മകനാണ് 41 കാരനായ സോമന്‍. കല്‍പ്പറ്റ ഗവ.കോളജില്‍ 1990കളില്‍  പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു എബിവിപി ബന്ധം.  പ്രീഡിഗ്രി പാസായ സോമന്‍ വിദുര വിദ്യാഭ്യാസ സംവിധാനത്തിലൂടെ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ ജനറല്‍ സൈക്കോളജി ഐച്ഛികവിഷയമാക്കി ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല. നിര്‍ധന കുടുംബമാണ് സോമന്റേത്. കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍.

പഠനം നിര്‍ത്തി ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചസോമന്‍ സാഹിത്യ-പത്ര രംഗത്താണ് ശ്രദ്ധകേന്ദ്രീകരിച്ചത്. കല്‍പ്പറ്റയില്‍നിന്നു പ്രസിദ്ധീകരിച്ചിരുന്ന “യുവദര്‍ശനം’ മാസികയുടേയും “ഞായറാഴ്ചപ്പത്ര’ത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു സോമന്‍. 1996ല്‍ ആരംഭിച്ച മാസികയുടെ പ്രസിദ്ധീകരണം  മൂന്നാം വാര്‍ഷികാഘോഷത്തിനുശേഷം സാമ്പത്തിക പ്രയാസങ്ങളെത്തുടര്‍ന്നാണ്  നിര്‍ത്തിയത്. കേരളത്തിലെ പ്രമുഖ യുവസാഹിത്യകാരന്മാരെ പങ്കെടുപ്പിച്ചായിരുന്നു വാര്‍ഷികാഘോഷം. പിന്നീട് തുടങ്ങിയതാണ്പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാമുഖ്യം നല്‍കി ഞായറാഴ്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്ന പത്രം. ഇത് രണ്ടുവര്‍ഷത്തോളമാണ് കൊണ്ടുനടന്നത്. പത്രം നടത്തുന്നതിനിടെ കടത്തില്‍ മുങ്ങിയ  സോമന്‍  കല്‍പ്പറ്റ ആസ്ഥാനമായുള്ള ചിട്ടിക്കമ്പനി താമരശേരിയിലും ബത്തേരിയിലുമടക്കം നല്‍കിയ ചെക്ക് കേസുകളില്‍ പ്രതിയായി.

ഈ  കേസുകള്‍ ഒഴിവാക്കുന്നതിനു വയനാട് ബ്ലേഡ്‌വിരുദ്ധസമിതിയുടെ സഹായംതേടിയ സോമന്‍  “പോരാട്ടം’ പ്രവര്‍ത്തകനായി മാറി. “പോരാട്ടം’ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് രൂപീകരിച്ചതായിരുന്നു ബ്ലേഡ് വിരുദ്ധ സമിതി.  “പോരാട്ടം’ ബത്തേരിയിലും കണ്ണൂരിലും  കാസര്‍കോടുമായി നടത്തിയ പ്രധാന ആക്ഷനുകളില്‍ പങ്കാളിയായിരുന്നു സോമന്‍.  ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ജാമ്യത്തിലിറങ്ങിയ സോമന്‍ വിചാരണയ്ക്ക് കോടതിയില്‍ ഹാജരായിരുന്നില്ല.

ബത്തേരിയില്‍ ആക്ഷന്റെ ഭാഗമായി വൈദികന്റെ വീടാണ്  ആക്രമിച്ചത്. ആദിവാസി ബാലനെ  മോഷണക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു വൈദികനെതിരായ നീക്കം. ഈ കേസില്‍ മറ്റു പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു. വിചാരണയ്ക്ക് ഹാജരാകാതിരുന്ന സോമനെതിരായ കേസ് നിലനില്‍ക്കുന്നുണ്ട്.  കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ പോസ്റ്റര്‍ ഒട്ടിച്ചാണ് സോമന്‍ കണ്ണൂരില്‍ കേസില്‍പ്പെട്ടത്. പോസ്റ്റര്‍ സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയായായിരുന്നു പോരാട്ടം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.

കണ്ണൂര്‍ കേസില്‍ കേസില്‍ ആറ് വര്‍ഷം മുന്‍പ് ജാമ്യത്തിലിറങ്ങിയ സോമന്‍ വയനാട് വിടുകയായിരുന്നു. സോമന്‍ വടക്കേ ഇന്ത്യയിലെവിടെയോ ഒളിവില്‍ കഴിയുകയാണെന്ന നിഗമനത്തിലായിരുന്നു  വിവിധ കേസുകളില്‍  ജാമ്യം നിന്നവര്‍. ഇതിനിടെയാണ് മാവോയിസ്റ്റ് പട്ടികയില്‍ ഉള്‍പ്പെടുത്തി പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസില്‍ സോമന്റെ ഫോട്ടോ പ്രത്യക്ഷപ്പെട്ടത്. വിവരം ലഭ്യമാക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന് വ്യക്തമാക്കുന്നതായിരൂന്നു നോട്ടീസ്.

കഴിഞ്ഞ വര്‍ഷം അട്ടപ്പാടിയില്‍ പോലീസിനു നേരേ നിറയൊഴിച്ചതുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ  സോമന്‍ നിലമ്പൂര്‍ വനം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സിപിഐ(മാവോയിസ്റ്റ്) ദളങ്ങളില്‍ ഒന്നിന്റെ നേതാവാണെന്നാണ് പോലീസ് ഭാഷ്യം. സോമന്‍ ഉള്‍പ്പെടുന്നതടക്കം മാവോയിസ്റ്റുകള്‍ക്ക് അഞ്ച് ദളങ്ങള്‍ പശ്ചിമഘട്ടത്തില്‍ ഉണ്ടെന്നും പോലീസ് പറയുന്നു.

Related posts