സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജലനിരപ്പ് 2,398 അടിയിലെത്തിയാൽ ഡാം തുറക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം മഴ ശക്തമായിരുന്ന മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി കാര്യമായ മഴ പെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ജലാശയങ്ങളിൽ എല്ലാം വെള്ളം നിറഞ്ഞൊഴുകുകയാണ്. രണ്ടു ദിവസം കൂടി മഴ മാറി നിന്നാൽ മാത്രമേ ജലാശയങ്ങളിലെ വെള്ളം കുറയുകയുള്ളൂ.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 2,396 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ശേഷം മഴ കുറഞ്ഞത് ആശങ്ക കുറച്ചിട്ടുണ്ട്. ജലനിരപ്പ് 2,398 അടിയിലെത്തിയാൽ ഡാം തുറക്കാൻ തന്നെയാണ് തീരുമാനമെന്ന് ഇടുക്കിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം വൈദ്യുതി മന്ത്രി എം.എം.മണി വ്യക്തമാക്കിയിരുന്നു.

Related posts