ഓണസദ്യയുണ്ണാന്‍ വയോജനങ്ങള്‍ മന്ത്രിയെ കാത്തിരുന്നത് മണിക്കൂറുകള്‍! ക്ഷീണമകറ്റാന്‍ ഇത്തിരി ചോറെങ്കിലും കിട്ടിയാല്‍ മതിയെന്ന് വൃദ്ധ മാതാപിതാക്കള്‍; മന്ത്രിയെത്തിയപ്പോള്‍ കണ്ടത് കുഴഞ്ഞുവീണ വയോജനങ്ങളെ

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ വയോജന ഓണാഘോഷത്തിനും ഓണസദ്യയ്ക്കുമിടയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. പലരും തളര്‍ന്നുപോയി, ചിലര്‍ കുഴഞ്ഞുവീണു, ചുരുക്കം ചിലര്‍ പ്രതിഷേധിച്ചു. സാമൂഹിക സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തേണ്ട മന്ത്രി കെ.കെ. ശൈലജയെ കാത്ത് നിന്ന് വയോജനങ്ങള്‍ക്ക് സദ്യ നല്‍കാതിരുന്നത് മണിക്കൂറുകള്‍. രോഗം അലട്ടുന്ന വയോജനങ്ങളില്‍ കടുത്ത ആരോഗ്യ പ്രശ്നമാണ് ഈ കാത്തിരിപ്പ് സൃഷ്ടിച്ചത്. വിശന്നുപൊരിഞ്ഞിരിക്കുന്നവരുടെ അവസ്ഥയും അസ്വസ്ഥതയും തിരിച്ചറിഞ്ഞിട്ടും സംഘാടകര്‍ ആരും ഭക്ഷണത്തെപ്പറ്റി ഒന്നും പറഞ്ഞില്ല.

14 തരം കറിയും പായസവുമൊന്നും വേണ്ട, ക്ഷീണമകറ്റാന്‍ ഇത്തിരി ചോറെങ്കിലും കിട്ടിയാല്‍ മതിയെന്നായിരുന്നു സദ്യയ്ക്കെത്തിയ പലരും ആഗ്രഹം പ്രകടിപ്പിച്ചത്. ഒടുവില്‍ മന്ത്രിയെത്തിയത് ഉച്ചയ്ക്കുശേഷം മൂന്നിന്. അപ്പോഴേക്കും പ്രാദേശിക നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് അധികൃതര്‍ ഭക്ഷണ വിതരണം ആരംഭിച്ചിരുന്നു. വയോജന നയം വാഗ്ദാനം ചെയ്യുന്ന സര്‍ക്കാരില്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ അംഗീകരിക്കാനാവില്ലെന്നു പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കേരള സാമൂഹിക മിഷന്റെ വയോമിത്രം പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്ത് മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജന ഓണാഘോഷം സംഘടിപ്പിക്കുന്നത്.

 

Related posts