വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തി! മത്സരത്തില്‍ നിന്ന് മിസ് ഉക്രയ്നെ വിലക്കി

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ മിസ് ഉക്രയ്ന്‍ കിരീടം ചൂടിയ വെറോണിക്ക ഡിഡുസെങ്കോ, തന്നെ ലോകസുന്ദരി മത്സരത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരെ പരസ്യമായി രംഗത്തുവന്നു. വിവാഹിതയും അഞ്ചു വയസുള്ള കുഞ്ഞിന്‍റെ അമ്മയുമാണെന്ന കാര്യം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് മിസ് വേള്‍ഡ് മത്സരത്തില്‍ നിന്ന് ഉക്രയ്നെ പ്രതിനിധാനം ചെയ്യുന്നതില്‍നിന്ന് വിലക്കിയത്.

ഈ വര്‍ഷത്തെ ലോകസുന്ദരി മത്സരം ഡിസംബര്‍ 14ന് ലണ്ടനില്‍ തുടങ്ങാനിരിക്കെയാണ് കഴിഞ്ഞവര്‍ഷത്തെ ദുരനുഭവം വെറോണിക്ക സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. “അമ്മയാകാനുള്ള അവകാശത്തി’നായി ആഗോള പ്രചാരണത്തിലാണ് അവര്‍. വിവാഹം, ഗര്‍ഭധാരണം, മാതൃത്വം തുടങ്ങിയ വിഷയങ്ങളില്‍ സൗന്ദര്യ മത്സരത്തിന്‍റെ നിയമങ്ങള്‍ പക്ഷപാതപരമാണെന്നാണ് 24കാരിയായ വെറോനിക പറയുന്നത്.

തനിക്ക് സുന്ദരി കിരീടം തിരിച്ചുവേണ്ട. വലിയൊരു സമൂഹത്തിനായി ഈ നിയമങ്ങളില്‍ മാറ്റം വേണം. ഇവയുടെ പേരില്‍ ഒട്ടേറെ പേര്‍ വിവേചനത്തിനിരയാവുന്നതായും അവര്‍ പറഞ്ഞു. 2010ല്‍ ബ്രിട്ടന്‍ പാസാക്കിയ സമത്വ നിയമം ലംഘിക്കുന്നതാണ് മിസ് വേള്‍ഡ് മത്സരമെന്ന് ഹർജിയില്‍ ആരോപിച്ചു. അതേസമയം, മിസ് വേള്‍ഡ് സംഘാടകര്‍ ഇതോടു പ്രതികരിച്ചിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

Related posts