പരസ്യത്തിനായി ബ്രാന്‍ഡുകള്‍ വരെ സമീപിച്ചു തുടങ്ങി! പക്ഷേ ഇപ്പോഴും കോഹ്‌ലിയ്ക്ക് രണ്ട് കോടിയും തനിക്ക് പതിനഞ്ച് ലക്ഷവും; പ്രതിഫലത്തിന്റെ കാര്യത്തില്‍ തുല്യനീതി വേണമെന്ന് മിതാലി രാജ്

എത്രയൊക്കെ പുകഴ്ത്തിയെന്ന് പറഞ്ഞാലും കാര്യമില്ല, പ്രതിഫലത്തിന്റെ കാര്യമെത്തിയപ്പോള്‍ അധികൃതര്‍ തനിസ്വരൂപം കാട്ടി. പുരുഷ ക്രിക്കറ്റ് ടീമിന് ഈ വര്‍ഷം പുതിയ കരാറും പ്രതിഫലവര്‍ധനയും പ്രഖ്യാപിച്ചെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ ബിസിസിഐ ഇതുവരെ അനുകൂല തീരുമാനമെടുത്തിട്ടില്ല. 2015 ല്‍ നിലവില്‍ വന്ന കരാര്‍ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. അതു പ്രകാരം ക്യാപ്റ്റന്‍ മിതാലി രാജിന് വാര്‍ഷിക നിലനിര്‍ത്തല്‍ തുകയായി ലഭിക്കുന്നത് 15 ലക്ഷം രൂപ. പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിയ്ക്ക് ലഭിക്കുന്നതാവട്ടെ രണ്ടു കോടി രൂപയും.

അതേസമയം പിന്തുണ നല്‍കുന്നതിനൊപ്പം സാമ്പത്തിക കാര്യങ്ങളിലും പരിഗണനയുണ്ടാകണമെന്ന് മിതാലി പറഞ്ഞു. പുരുഷ താരങ്ങള്‍ക്ക് ഈ വര്‍ഷം പുതിയ കരാര്‍ പ്രഖ്യാപിച്ചെങ്കിലും വനിതാ താരങ്ങള്‍ക്ക് ഇതുവരെ ബിസിസിഐ ശമ്പള വര്‍ധനയൊന്നും പ്രഖ്യാപിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് മിതാലിയുടെ പരാമര്‍ശം. മിതാലിയുടെ വാക്കുകള്‍ ഇങ്ങനെ…

‘ഇന്ത്യയില്‍ വനിതാ ക്രിക്കറ്റ് പുതിയൊരു തലത്തിലേക്കു കടക്കുകയാണ്. വനിതാ ക്രിക്കറ്റ് താരങ്ങളെ പലരും ബഹുമാനത്തോടെ കാണാന്‍ തുടങ്ങിയിരിക്കുന്നു. പരസ്യത്തിനായി ബ്രാന്‍ഡുകള്‍ അവരെ സമീപിക്കുന്നു. പുതിയ കുട്ടികള്‍ക്ക് വനിതാ ക്രിക്കറ്റിലേക്ക് കടന്നു വരാന്‍ പ്രചോദനം നല്‍കുന്ന നേട്ടമാണിത്. വനിതാ ക്രിക്കറ്റിനായി ഐപിഎല്‍ പോലൊരു ചാമ്പ്യന്‍ഷിപ്പ് ആലോചിക്കാനുള്ള സമയമായി. ഫൈനലില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിയില്‍ നിന്നു പൂര്‍ണമായും മുക്തരാവാന്‍ സമയമെടുക്കും. കളി നമ്മുടെ കയ്യിലായിരുന്നു എന്നതു സത്യം. പക്ഷേ, അതു വിജയമാക്കി മാറ്റാന്‍ കഴിഞ്ഞില്ല. മിതാലി പറഞ്ഞു.

 

Related posts