കോഹ്‌ലിയുടെ ഫിറ്റ്‌നെസ് ചലഞ്ച് ഏറ്റെടുക്കുന്നു, വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്നും പ്രധാനമന്ത്രി! രാജ്യം ഇത്ര വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് സോഷ്യല്‍മീഡിയ

നമ്മുടെ പ്രധാനമന്ത്രിയ്ക്ക് എല്ലാം തമാശയാണെന്നാണ് അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തികളും കാണുമ്പോള്‍ ആളുകള്‍ പ്രതികരിക്കുന്നത്… അല്ലെങ്കില്‍ പിന്നെ രാജ്യം പലവിധ പ്രശ്‌നങ്ങളാല്‍ നട്ടം തിരിയുമ്പോള്‍ ഫിറ്റ്‌നെസ് വീഡിയോ ഷെയര്‍ ചെയ്ത് കളിച്ച്, രസിച്ചിരിക്കാന്‍ ആദ്ദേഹത്തിനെങ്ങനെ സാധിക്കുന്നു എന്നാണ് അവര്‍ ചോദിക്കുന്നത്.

സംഭവമിതാണ്..രാജ്യത്തിപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്ന ഒരു ഓണ്‍ലൈന്‍ ചലഞ്ചാണ് ഫിറ്റ്‌നെസ് ചലഞ്ച്. ഫിറ്റ്‌നെസ് നിലനിര്‍ത്താനായി ചെയ്യുന്ന ഏതെങ്കിലുമൊരു പ്രവര്‍ത്തിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുക. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഈ ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൊടുത്തു. അതിന് മോദി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നെന്നും തന്റെ ഫിറ്റനസ് വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്നുമാണ് മോദി പറഞ്ഞിരിക്കുന്നത്.

എന്നാല്‍ പ്രധാനമന്ത്രിയുടെ ട്വീറ്റ് പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് അദ്ദേഹത്തിനു നേരെ ഉയരുന്നത്. വെല്ലുവിളികള്‍ ഏറ്റെടുക്കുന്ന ആളാണോ എങ്കില്‍ ഞാന്‍ വെല്ലുവിളിക്കുന്നു, തൂത്തുക്കുടിയില്‍ യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് കടന്നുവരൂ, ഞാന്‍ വെല്ലുവിളിക്കുന്നു. ഇതായിരുന്നു ഒരാളുടെ ട്വീറ്റ്. തമിഴ്‌നാട്ടില്‍ ഇത്ര വലിയ പ്രശ്‌നം നടക്കുമ്പോള്‍ ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നതെന്താണെന്ന് നോക്കൂ എന്നായിരുന്നു മറ്റൊരു കമന്റ്.

നേരത്തെ ക്രിക്കറ്റ് താരം വിരാട് കോഹ്ലി 20 സ്പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്യുകയും ഭാര്യ അനുഷ്‌കയേയും പ്രധാനമന്ത്രിയേയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയേയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച കേന്ദ്ര ഐ.ടി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ്പ് ചെയ്യുന്ന വീഡിയോ പോസ്റ്റു ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ ചാലഞ്ച് നടത്തിയത്. കോഹ്‌ലിയേയും സൈന നെഹ്വാളിനേയും ഹൃത്വിക് റോഷനേയുമാണ് അദ്ദേഹം വെല്ലുവിളിച്ചത്. സൈക്കിള്‍ റൈഡ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഹൃത്വിക് വെല്ലുവിളി നേരിട്ടത്.

Related posts