മകളെ യുക്രൈനില്‍ നിന്നു രക്ഷിക്കാമെന്നു പറഞ്ഞ് പണം തട്ടി ! പരാതിയുമായി അമ്മ; ദുരിതാവസ്ഥ മുതലെടുക്കുന്നവര്‍ സജീവം…

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടരുന്നു സാഹചര്യത്തില്‍ വേണ്ടപ്പെട്ടവരെ എങ്ങനെയും നാട്ടിലെത്തിക്കുക എന്ന ലക്ഷ്യമാണ് ബന്ധുക്കള്‍ക്ക്.

എന്നാല്‍ ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങളും സജീവമായിരിക്കുകയാണ്. അങ്ങനെയൊരു തട്ടിപ്പിന് ഇരയായി മധ്യപ്രദേശിലെ ആശുപത്രി ജീവനക്കാരിയ്ക്ക് 42,000 രൂപയാണ് നഷ്ടമായത്.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരിലാണ് തട്ടിപ്പ് നടന്നത്. യുക്രൈനില്‍ മെഡിസിന്‍ വിദ്യാര്‍ഥിയായ മകളെ നാട്ടിലെത്തിക്കുന്നതിനുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന നിലയിലാണ് പണം തട്ടിയത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി.

മധ്യപ്രദേശിലെ വിദിശ ജില്ലയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ വൈശാലി വില്‍സണാണ് തട്ടിപ്പിന് ഇരയായത്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിളിക്കുന്നതന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ മകളെ നാട്ടിലെത്തിക്കാനുള്ള സജ്ജീകരണങ്ങള്‍ തയ്യാറായിക്കഴിഞ്ഞെന്നും വിമാന ടിക്കറ്റ് നിരക്കായ 42,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു.

ഇതനുസരിച്ച് പണം കൈമാറിയെങ്കിലും തനിക്കോ മകള്‍ക്കോ വിമാനടിക്കറ്റിന്റെ പകര്‍പ്പ് ലഭിച്ചില്ല.

സംശയം തോന്നിയതോടെ ഇയാളുടെ നമ്പറിലേക്ക് ആവര്‍ത്തിച്ച് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഒടുവില്‍ 5000 രൂപ മടക്കി നല്‍കുകയും ബാക്കി തുക തിരികെ നല്‍കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ശേഷം പോലീസിന് പരാതി നല്‍കുകയായിരുന്നു വൈശാലി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചുവെന്നും പണം കൈമാറിയ അക്കൗണ്ട് സംബന്ധിച്ച് ബാങ്കുകളുമായി സംസാരിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു.

Related posts

Leave a Comment