ആഹാരം തട്ടികമഴ്ത്തും, എല്ലാം വാരിവലിച്ചിടും! വാനരശല്യം അസഹനീയം; വീട്ടമ്മ ജീവനൊടുക്കി

ruejuesjisuമൃഗങ്ങളുടെ ശല്ല്യം മനുഷ്യന് ഒരുതരത്തിലും സഹിക്കാന്‍ കഴിയാതെ വരുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ മൃഗങ്ങളുടെ ശല്യം കാരണം സ്വയം ജീവനൊടുക്കേണ്ടി വന്നു, തിരുവനന്തപുരം സ്വദേശിനിയായ ഒരു വീട്ടമ്മയ്ക്ക്. വാനരക്കൂട്ടത്തിന്റെ ശല്യത്തില്‍ സഹികെട്ട വീട്ടമ്മ ആസിഡ് കുടിച്ചാണ് ജീവനൊടുക്കിയത്. വെള്ളറട കത്തിപ്പാറ കളത്തൂര്‍ കൊമ്പാടി തെക്കേക്കര വീട്ടില്‍ പരേതനായ മുത്തയ്യന്റെ ഭാര്യ പുഷ്പാഭായി (52) ആണു മരിച്ചത്. തൊഴിലുറപ്പു പദ്ധതി തൊഴിലാളിയായിരുന്നു. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുരങ്ങുകള്‍ ജീവിക്കാനനുവദിക്കുന്നില്ലെന്നും അതിനാലാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും ആശുപത്രിയില്‍ ഡോക്ടറോടു വ്യക്തമാക്കിയതായി ബന്ധുക്കള്‍ പറയുന്നു.

മലനിരകളുടെ അടിവാരത്തോടടുത്താണു പുഷ്പാഭായിയുടെ വീട്. ചുറ്റും റബര്‍തോട്ടങ്ങളാണ്. സമീപവാസികളില്‍ ചിലര്‍ വാനരശല്യത്തില്‍ സഹികെട്ടു താമസം മാറിയിരുന്നു. മറ്റു സാഹചര്യങ്ങളില്ലാതിരുന്നതിനാല്‍ പുഷ്പാഭായി അവിടെത്തന്നെ തുടരുകയായിരുന്നു. സുരക്ഷിതമായ വീടല്ല പുഷ്പാഭായിയുടേത്. പുതിയ വീടു നിര്‍മിക്കാന്‍ ധനസഹായത്തിനു പലവട്ടം അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. ഭര്‍ത്താവ് മുത്തയ്യന്‍ മരംമുറിക്കുന്നതിനിടെ അപകടത്തില്‍പെട്ടു മരിച്ചു. പകല്‍ വീട്ടിലാരും ഉണ്ടാകാറില്ല. വീടിന്റെ മേല്‍ക്കൂരയില്‍ പാകിയിരുന്ന ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പലവട്ടം കുരങ്ങന്മാര്‍ തകര്‍ത്തു. വാനരക്കൂട്ടം വീട്ടുസാധനങ്ങളും നശിപ്പിച്ചാണു മടങ്ങാറുള്ളത്. പാകംചെയ്തു വയ്ക്കുന്ന ആഹാരം തട്ടികമഴ്ത്തും. എല്ലാം വാരിവലിച്ചിടും. പലപ്പോഴും പുഷ്പാഭായിയ്ക്കും മകനും ഭക്ഷണം കഴിയ്ക്കാന്‍ പോലും പലപ്പോഴും സാധിച്ചിരുന്നില്ല. അരിയും പലവ്യഞ്ജനങ്ങളും വലിച്ചെറിഞ്ഞു നശിപ്പിക്കുന്ന വാനരക്കൂട്ടം തുണികളും വീട്ടുപകരണങ്ങളും എടുത്തുകൊണ്ടു പോകും.

വിരട്ടിയോടിക്കാന്‍ ശ്രമിച്ചാല്‍ അക്രമാസക്തരാകും. വന്യമൃഗമെന്ന പരിഗണന ഉള്ളതിനാല്‍ ഇവയെ തുരത്തിയോടിക്കാന്‍ നാട്ടുകാര്‍ക്കു ഭയമാണ്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസവും പുഷ്പാഭായി ജോലികഴിഞ്ഞെത്തിയപ്പോള്‍ ആഹാരമെല്ലാം നശിപ്പിച്ച നിലയിലായിരുന്നു. മരിച്ച അന്ന് പുഷ്പാഭായി പണിക്കു പോയില്ല. രാവിലെ അയല്‍വാസിയോടു കുരങ്ങന്മാര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും ഒരാഴ്ചയായി കുരങ്ങന്മാര്‍ എല്ലാം നശിപ്പിക്കുകയാണെന്നും പറഞ്ഞിരുന്നു. കാട്ടിനുള്ളില്‍ ഇവയ്ക്കു ഭക്ഷണമില്ല. നാട്ടില്‍ വളര്‍ന്ന കുരങ്ങന്മാരായതിനാല്‍ ഇവയ്ക്കു മനുഷ്യരെ ഭയവുമില്ല. കൂട്ടത്തോടെയെത്തുന്ന വാനരന്മാരില്‍നിന്നു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷപ്പെടാന്‍പോലും പ്രയാസമാണ്. ദൂരെ മാറിനിന്ന് ഇവ വീട്ടുപകരണങ്ങള്‍ നശിപ്പിക്കുന്നതു കണ്ടുനില്‍ക്കാനേ ഇവര്‍ക്ക് സാധിക്കാറുള്ളു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍നിന്നു പിടികൂടി അതിര്‍ത്തി വനങ്ങളില്‍ കൊണ്ടുവിട്ട കുരങ്ങന്മാരാണു പെറ്റുപെരുകി ഗ്രാമീണര്‍ക്കു ഭീഷണിയാകുന്നത്.

Related posts