മുടിപ്പുര ക്ഷേത്രത്തിലെ മൈക്കിന്റെ ഫ്യൂസൂരിയ സിപിഎം നേതാക്കള്‍ക്കെതിരേ പരാതി നല്കി ക്ഷേത്രം ഭാരവാഹികള്‍, ശബരിമലയ്ക്ക് പിന്നാലെ സിപിഎമ്മിന് മറ്റൊരു പ്രതിസന്ധി കൂടി, മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ അതിവേഗം പ്രചരിക്കുന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ മുടിപ്പുര ക്ഷേത്രത്തിലെ നാമജപവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂടുപിടിക്കുന്നു. പ്രസംഗത്തിനിടെ അമ്പലത്തില്‍ നിന്നുയര്‍ന്ന നാമജപം കേട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ അസ്വസ്ഥാനാകുകയും പിന്നീട് വേദിയിലുണ്ടായിരുന്ന നേതാക്കന്മാരോട് രൂക്ഷമായി എന്താണ് ഇതെന്ന് ചോദിക്കുകയും ചെയ്തു. കുറച്ചുനേരങ്ങള്‍ക്കുള്ളില്‍ സിപിഎം നേതാക്കള്‍ അമ്പലത്തിലെത്തി മൈക്കിന്റെ ഫ്യൂസുരുകയും ചെയ്തു. ഈ സംഭവങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ സിപിഎം അണികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. 10.20 ഓടെ മുഖ്യമന്ത്രി വേദിയിലെത്തി. സ്വാഗത പ്രസംഗം ആരംഭിച്ചു. ഇതിനിടെ തൊട്ടടുത്ത മുടിപ്പുര ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ നിന്ന് പാട്ടും നാമജപവും തുടങ്ങി. പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളോട് എന്താണ് അവിടെ ഇങ്ങനെ ഒരു പരിപാടി എന്ന് ചോദിച്ചു.

ഉത്സവമാണെന്ന് നേതാക്കളുടെ മറുപടി. ഉത്സവമാണെങ്കില്‍ ഇങ്ങനെയാണോ എന്ന് വീണ്ടും മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിന് പിന്നാലെ കാട്ടക്കട എം.എല്‍.എ ഐബി സതീഷ്, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന വി ശിവന്‍കുട്ടി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ പുറത്തേക്ക് പോയി. അമ്പലത്തിലെത്തി സ്പീക്കറിലേക്കുള്ള വൈദ്യുതി ബന്ധം ഇടതുപ്രവര്‍ത്തകര്‍ വിഛേദിച്ചു.

ക്ഷേത്രത്തിലെ മൈക്ക് ഓഫാക്കിയതിനെതിരേ ഭാരവാഹികള്‍ പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്കിയിട്ടുണ്ട്. ഇതോടെ സംഭവം തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വലിയതോതില്‍ ചര്‍ച്ചയായിട്ടുണ്ട്. വിശ്വാസങ്ങള്‍ക്കെതിരേ പിണറായി വിജയനും സിപിഎമ്മും എന്തിനാണ് ഇത്രമാത്രം ക്ഷോഭിക്കുന്നതെന്ന ചോദ്യത്തോടെ സോഷ്യല്‍മീഡിയയിലും ഈ വീഡിയോ വൈറലാകുന്നുണ്ട്.

ശബരിമല വിഷയത്തില്‍ ഇപ്പോള്‍ തന്നെ പ്രതിരോധത്തിലുള്ള സിപിഎമ്മിന് കൂടുതല്‍ തലവേദന സമ്മാനിക്കുന്നതാണ് മുടിപ്പുരയിലെ സംഭവങ്ങള്‍. തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി ഇത്തരം ചെറിയ കാര്യങ്ങള്‍ അവഗണിക്കണമായിരുന്നുവെന്ന തരത്തില്‍ ഇടതുനേതാക്കളുടെ അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്.

Related posts