ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ബിജെപി ഉന്നതതല യോഗം ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ദേശീയ ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി.എൽ. സന്തോഷ് തുടങ്ങിയ പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.
ഈ മാസം 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13 വരെ നീണ്ടുനിൽക്കുന്നതാണ് പാർലമെന്റ് വർഷകാല സമ്മേളനം. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങളെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും, വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിലെ തന്ത്രങ്ങൾ, ബിജെപി ദേശീയ ഭാരവാഹികളുടെ മാറ്റം, കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന എന്നിവ യോഗത്തിൽ ചർച്ചയായതായാണ് സൂചനകൾ. സമ്മേളനത്തിൽ സ്വീകരിക്കേണ്ട പൊതുവായ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനായി ജൂലൈ 21-ന് എൻഡിഎ സഖ്യകക്ഷികളുടെ പ്രത്യേക യോഗവും ചേരുന്നുണ്ട്.
