കോഴിക്കോട്: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനൊടുവിൽ യുവാവ് സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. കോഴിക്കോട് കൊടുവള്ളി വലിയപറമ്പ് താന്നിരിക്കംപൊയില്‍ പ്രസാദാണ് ആണ് കൊല്ലപ്പെട്ടത്. സഹോദരന് പ്രമോദിനെ പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.
സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക വിവരം. അവിവാഹിതരായ സഹോദരങ്ങൾ രണ്ടുപേരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മില്‍ വളരെക്കാലമായി സ്വത്തു സംബന്ധിച്ച് വഴക്കായിരുന്നു. ഇത് സംബന്ധിച്ച് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാത്രി മദ്യപാനത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുടുംബത്തില്‍ നാല് മക്കളാണുള്ളത്. ഇതില്‍ മൂന്ന് ആണ്മക്കളും അവിവാഹിതരാണ്. ഇവരുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരിച്ചു. ഏക സഹോദരി കൊടുവള്ളി കരുവന്‍പൊയിലിലും മറ്റൊരു സഹോദരന് നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.
