നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ചികിത്സാ അപര്യാപ്തത മൂലം ഒരു ജീവന് കൂടി നഷ്ടപ്പെട്ടു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച 36 കാരനായ നെടുങ്കണ്ടം കപ്പക്കാലായില്‍ നൗഫലിനാണ് ജീവന് നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 10 ഓടെയാണ് നൗഫലിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ആവശ്യമായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഇയാളെ കട്ടപ്പനയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ കട്ടപ്പനയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചു. ഹൃദയാഘാതത്തിനുള്ള പ്രാഥമിക ചികിത്സകള്പോലും താലൂക്ക് ആശുപത്രിയില്‍ ലഭ്യമായിരുന്നില്ല. ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതിനാല്‍ സ്വകാര്യ വാഹനത്തിലാണ് നൗഫലിനെ കട്ടപ്പനയ്ക്ക് കൊണ്ടുപോയത്.
ഇതിന് മുമ്പും സമാനമായ രീതിയില്‍ നിരവധി മരണങ്ങള് താലൂക്ക് ആശുപത്രിയില്‍ സംഭവിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ വേണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് തേനി മെഡിക്കല്‍ കോളജിലോ കോട്ടയം മെഡിക്കല്‍ കോളജിലോ പോകേണ്ട അവസ്ഥയിലാണ് നെടുങ്കണ്ടം മേഖലയിലെ രോഗികള്‍.
ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടതായും വരുന്നു. എട്ട് വര്‍ഷത്തോളമായി തുടരുന്ന താലൂക്ക് ആശുപത്രിയുടെ കെട്ടിടനിര്‍മാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. പരിമിതമായ സൗകര്യങ്ങളാണ് നിലവില്‍ ഇവിടെയുള്ളത്.നൗഫലിന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നെടുങ്കണ്ടം നൂര്‍ മുഹമ്മദിയ്യ കബര്‍സ്ഥാനില്‍ നടന്നു.
