നെടുങ്കണ്ടം: പട്ടികജാതിക്കാരനെ ഉപദ്രവിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ബാലഗ്രാം, തേർഡ് ക്യാമ്പ് കൊച്ചുപറമ്പിൽ സന്തോഷ് (51) പിടിയിൽ. ബെല്ലാരി സന്തോഷ്, കടുക്കൻ സന്തോഷ് എന്നീ പേരുകളിൽ അറിയപ്പെടുന്ന സന്തോഷ് അറിയപ്പെടുന്ന ഗുണ്ടയും വധശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയുമാണ്. നെടുങ്കണ്ടം സ്വദേശി പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബാബുവിന്റെ പരാതിയെത്തുടർന്നാണ് ഇയാൾ അറസ്റ്റിലായത്.
ബാബുവിന്റെ സ്ഥലത്തിന്റെ ആധാരം നയത്തിൽ കൈക്കലാക്കിയ സന്തോഷ് ഇത് പണയപ്പെടുത്തി നെടുങ്കണ്ടത്തുനിന്ന് ചിട്ടിപ്പണം വാങ്ങിയിരുന്നു.വിവരം അറിഞ്ഞ ബാബുവും സന്തോഷും തമ്മിൽ ഇതു സംബന്ധിച്ചു തർക്കമുണ്ടായി. തുടർന്ന് സന്തോഷ് ബാബുവിനെ മർദിച്ചു.
ക്രൂരമായ മർദനമേറ്റ് ആശുപത്രിലായ ബാബുവിന്റെ പരാതിയെത്തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോൻ അറസ്റ്റ് ചെയ്ത പ്രതിയെ നെടുങ്കണ്ടം സിഐ ജർലിൻ വി. സ്കറിയ, എസ്ഐ ലിജോ പി. മാണി, സിപിഒമാരായ സുനീഷ്കുമാർ, ശ്യാം, അക്ഷയ കുമാർ, അരുൺ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
