ഇതിനു വലിപ്പം പോരാ കുറച്ചു കൂടി വലിയത് വേണം ! പുതപ്പു വാങ്ങാനെത്തിയ സ്ത്രീ കൂടെയുണ്ടായിരുന്ന പുരുഷനോട് പറഞ്ഞത് ഇങ്ങനെ; പെരിയാറില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നില്‍ പെണ്‍വാണിഭ റാക്കറ്റ് ?

കൊച്ചി: ആലുവയിലെ യുസി കോളജിനു സമീപം പെരിയാറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ത്രീയും പുരുഷനുമാണെന്ന് പോലീസ്. കൊലപാതകത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘത്തിനു ബന്ധമുണ്ടെന്ന സൂചനകളും പൊലീസ് മുന്നാട്ടുവയ്ക്കുന്നുണ്ട്. മൃതദേഹവുമായി പ്രതികള്‍ സഞ്ചരിച്ച വാഹനത്തിന്റേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍, മൃതദേഹത്തില്‍ കല്ലുകെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച പുതപ്പു വിറ്റ കട എന്നിവയും കണ്ടെത്തി.

ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹത്തിന് കുറഞ്ഞത് അഞ്ചു ദിവസത്തെ പഴക്കമുണ്ടെന്നു കണ്ടെത്തി.അതുകൊണ്ടു മൃതദേഹം ഒഴുകിവന്നതല്ലെന്നും മറ്റെവിടെ വച്ചോ കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്നു തള്ളിയതാകാമെന്നുമാണു പോലീസിന്റെ നിഗമനം. 40 കിലോ ഭാരമുള്ള കല്ലുമായി മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പൊലീസ് നേരത്തെ തള്ളിയിരുന്നു. വൈദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവര്‍ക്കേ എത്താനാവൂ. കുളിക്കാനെത്തിയ വൈദിക വിദ്യാര്‍ഥികളാണു മൃതദേഹം കണ്ടത്. ഇവരുടെ മൊഴിയെടുത്തു.

എറണാകുളത്തെ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ഹോം നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങളെയും പെണ്‍വാണിഭ സംഘങ്ങളെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.അന്യ ജില്ലകളില്‍നിന്നോ ഇതര സംസ്ഥാനങ്ങളില്‍നിന്നോ ഇത്തരത്തില്‍ എത്തിച്ചവര്‍ ആരെങ്കിലുമാണോ മരിച്ചത് എന്നാണു പൊലീസ് സംശയിക്കുന്നത്.

ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ വ്യാപകമായിട്ടുണ്ടെന്നാണു പൊലീസിനു കിട്ടുന്ന വിവരം. ഈ സംഘങ്ങളില്‍പ്പെട്ടവര്‍ ആരെങ്കിലും ആയിരിക്കുമോ പിന്നിലെന്നാണു സംശയിക്കുന്നത്. കൊച്ചിയില്‍ വ്യാപകമായിട്ടുള്ള, വനിതകള്‍ ഉള്‍പ്പെടുന്ന മയക്കുമരുന്നു സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നു. അന്വേഷണത്തില്‍ മൃതദേഹം കല്ലില്‍ കെട്ടിത്താഴ്ത്തുന്നതിന് ഉപയോഗിച്ച പുതപ്പ് ഒരാഴ്ച മുന്‍പു കളമശേരിയിലെ കടയില്‍നിന്നു വാങ്ങിയതാണെന്നു കണ്ടെത്തുകയായിരുന്നു. രാത്രി വൈകി അടയ്ക്കുന്ന കടയിലെത്തിയ സ്ത്രീയും പുരുഷനുമാണു പുതപ്പ് വാങ്ങിയത്. ആദ്യം എടുത്ത പുതപ്പ് വിരിച്ചുനോക്കി വലിപ്പം മതിയാകില്ലെന്നു സ്ത്രീ പറഞ്ഞപ്പോള്‍ വലിയതു വാങ്ങുകയായിരുന്നു. രാത്രി പുതപ്പു വാങ്ങാന്‍ ഇറങ്ങിയ ഇവര്‍ കുറച്ചു മുന്നോട്ടു പോയപ്പോഴാണു തുറന്ന കട കണ്ടത്.

വാഹനം പിന്നോട്ടെടുത്തു വന്നാണു പുതപ്പു വാങ്ങാന്‍ ഇറങ്ങിയതെന്നു സിസിടിവി ദൃശ്യങ്ങളിലുണ്ട്. കൊച്ചിയിലെ വസ്ത്ര മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം പൊതിയാന്‍ ഉപയോഗിച്ച ഡിസൈനുള്ള 860 പുതപ്പുകള്‍ ചെറുകിട കച്ചവടക്കാര്‍ വാങ്ങിയതായി കണ്ടെത്തി. ഇവരുടെ വിലാസം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണു കളമശേരിയില്‍ രാത്രി വൈകി അടയ്ക്കുന്ന കടയില്‍ പൊലീസ് എത്തിയത്.

യുവതിയുടെ മരണകാരണം ബലപ്രയോഗമല്ലെന്നു പൊലീസ് നേരത്തേ തന്നെ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടത്തിലും ഇതു സംബന്ധിച്ച വിശദ വിവരങ്ങളില്ല. അതേസമയം യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് സംശയിക്കുന്നു. ഇക്കാര്യം ഉറപ്പിക്കാന്‍ ഫൊറന്‍സിക് പരിശോധനയുടെ ഫലം പുറത്തുവരണം. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ലൈംഗികബന്ധം നടന്നിട്ടുണ്ടെങ്കില്‍ യുവതിയുടെ സമ്മതത്തോടെ ആയിരിക്കുമെന്നു മൃതദേഹം പരിശോധിച്ച ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

Related posts