കണ്ടാൽ സഹിക്കാത്ത ആനിമേഷനും തലയും വാലുമില്ലാത്ത കഥയുമായി തിയറ്ററുകളിലെത്തി, ഒടുവിൽ ചൈനീസ് ബോക്സ് ഓഫീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ‘നിയു ലായ്'(പശു വരുന്നു) എന്ന ആനിമേഷൻ ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ ആരും തിരിഞ്ഞുനോക്കാതിരുന്ന ഈ പശുവിന്റെ കഥ, കേവലം അതിന്റെ ‘മോശം നിലവാരം’ കൊണ്ടുമാത്രം കോടികളാണ് ഇപ്പോൾ വാരിക്കൂട്ടുന്നത്.
സിനിമയ്ക്കു പിന്നിലെ അമ്മയും മകനും
വൻകിട പ്രൊഡക്ഷൻ കമ്പനികളുടെ സിനിമകളോടു മത്സരിച്ച് വിജയം കൊയ്ത ഈ ചിത്രത്തിന് പിന്നിൽ ഒരു അമ്മയുടെയും മകന്റെയും അഞ്ചു വർഷത്തെ പ്രയത്നമുണ്ട്. സിൻ യുമെംഗ് സംവിധാനം ചെയ്ത ഈ ചിത്രം ഡാലിയൻ ജിങ്യുവാൻ കൾച്ചർ ഫിലിം ആൻഡ് ടെലിവിഷൻ മീഡിയയുടെ ബാനറിൽ കഴിഞ്ഞ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. സംവിധായകന്റെ അമ്മയായ സുൻ ലിഫാംഗ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും കഥാപാത്രങ്ങൾക്കു ശബ്ദം നൽകിയതും.
അവിശ്വസനീയമായ ബോക്സ് ഓഫീസ് കുതിപ്പ്
തുടക്കത്തിൽ പരാജയമെന്ന് ഉറപ്പിച്ച സിനിമയുടെ വളർച്ച ആരെയും അമ്പരപ്പിക്കുന്നതാണ്. റിലീസ് ചെയ്ത് ആദ്യ പത്തു ദിവസം കൊണ്ട് വെറും 7,705 യുവാൻ (ഏകദേശം 90,000 രൂപ) മാത്രമാണു ചിത്രം നേടിയത്. എന്നാൽ സിനിമയുടെ ഗ്രാഫിക്സ് ട്രോളുകളിലൂടെ വൈറലായതോടെ തിയറ്ററുകളിലേക്ക് ആളുകൾ ഇരച്ചുകയറി. ഇതുവരെ 1.14 കോടിയിലധികം യുവാൻ (ഏകദേശം 13 കോടിയിലധികം രൂപ) വാരിക്കൂട്ടി വമ്പൻ ഹോളിവുഡ് ചിത്രങ്ങളെപ്പോലും ഇത് പിന്നിലാക്കിയിരിക്കുന്നു.
കൈകൊണ്ട് തീർത്ത ‘ദുരന്തം’
എഐ നിർമിത വീഡിയോകൾ കണ്ടു മടുത്തവർക്ക് ഈ ചിത്രം ഒരു വേറിട്ട അനുഭവമാകുകയായിരുന്നു. ഇതിന്റെ ആനിമേഷൻ നിലവാരം വളരെ മോശമായതിനാൽ “ഇതാണ് യഥാർഥ കരകൗശല വിദ്യ” എന്നു പ്രേക്ഷകർ തമാശയായി പറയുന്നു. എഐ ഉപയോഗിക്കാതെ പൂർണമായും മനുഷ്യർ തന്നെ കൈകൊണ്ട് ഉണ്ടാക്കിയതാണ് ഈ ചിത്രമെന്നത് കാണികളെ ഏറെ ആകർഷിച്ചു.
ഓഹരിവിപണിയും തിയറ്ററുകാരുടെ പോസ്റ്ററുകളും
ചൈനീസ് ഭാഷയിൽ ‘പശു’വിനും ഓഹരിവിപണിയിലെ കുതിപ്പിനെ സൂചിപ്പിക്കുന്ന ‘കാള’യ്ക്കും “നിയു’ എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അതിനാൽ ഓഹരിവിപണി കുതിച്ചുയരും എന്ന വിശ്വാസത്തിൽ പലരും ചിത്രത്തെ പിന്തുണയ്ക്കാൻ തിയറ്ററുകളിൽ എത്തുന്നുണ്ട്. സ്വന്തമായി ഒരു നല്ല പോസ്റ്റർ പോലുമില്ലാതിരുന്ന ഈ ചിത്രത്തിനുവേണ്ടി തിയറ്റർ ജീവനക്കാർ തന്നെ പോസ്റ്ററുകൾ കൈകൊണ്ട് വരച്ചാണ് ആളുകളെ ക്ഷണിച്ചത്.
വിമർശനവുമായി ഔദ്യോഗിക മാധ്യമങ്ങൾ
“ഈ സിനിമ കണ്ടാൽ 80 മിനിറ്റ് നിങ്ങൾ പശ്ചാത്തപിച്ചേക്കാം, പക്ഷേ കണ്ടില്ലെങ്കിൽ ജീവിതകാലം മുഴുവൻ പശ്ചാത്തപിക്കും” എന്നാണ് ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലെ ഒരു ജനപ്രിയ കുറിപ്പ്. എന്നാൽ ഇത്തരം മോശം സിനിമകൾക്ക് കൂടുതൽ ഷോകൾ നൽകുന്നത് സിനിമാ ലോകത്തിന്റെ നിലവാരം തകർക്കുമെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള ‘ബെയ്ജിംഗ് ന്യൂസ്’ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എങ്കിലും, ഈ വേനൽക്കാലത്തെ ഏറ്റവും വലിയ സർപ്രൈസ് ഹിറ്റായി ഈ ചിത്രം മാറിക്കഴിഞ്ഞു.
