കണ്ണൂർ: 20 വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ കണ്ണൂർ പൊലിസ് സാഹസികമായി പിടികൂടി. കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷൻ പരിധിയിൽ 2001- 2004 വർഷങ്ങളിൽ നടന്ന കൊലപാതക കേസുകളിലും വധശ്രമക്കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന കണ്ണൂർ താവക്കര വലിയവളപ്പ് കാവിനടുത്തെ രാഗേഷിനെയാണ് കർണാടകയിലെ തർബനഹള്ളിയിൽ കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഏറെ കോളിളക്കമുണ്ടാക്കിയ കൊമ്പ്ര പ്രദീപൻ വധം, സെൻട്രൽ ജയിലിൽ സിപിഎം നേതാവ് രവീന്ദ്രന്റെ കൊലപാതകം, യോഗാനന്ദനെ വധിക്കാൻ ശ്രമിച്ച കേസുകളിൽ പ്രതിയായി 20 വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.ഇയാൾ ആദ്യകാലത്ത് ബംഗളൂരുവിൽ ജോലി ചെയ്തിരുന്നു എന്ന വിവരവും ഒരു പഴയകാല സുഹൃത്തിൽ നിന്ന് ലഭിച്ച ഫോട്ടോയുമാണ് അന്വേഷണത്തിൽ നിർണായകമായത്.
വീട്ടിൽ അന്വേഷിച്ചെങ്കിലും കേസിലേക്ക് ആവശ്യമായ യാതൊരു തെളിവും കിട്ടിയില്ല. വീട്ടിലുണ്ടായിരുന്ന ഫോട്ടോകൾ പോലും ഇയാൾ കൊണ്ടുപോയിരുന്നു. സിനിമയിൽ അഭിനയിക്കാൻ വേണ്ടി അയച്ചുകൊടുക്കാനാണ് ഫോട്ടോയെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. അന്വേഷണത്തിനിടയിൽ സംഘടിപ്പിച്ച് അവ്യക്തമായ ഒരു ഫോട്ടോ പൊലിസിലെ വിദഗ്ധരായ പ്രഫഷണലുകളെ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് പ്രതിയിലേക്ക് എത്തിയത്.
ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിനടുത്ത് ഒരു മലയാളി നടത്തുന്ന കാറ്ററിംഗ് സ്ഥാപനത്തിൽ ഇയാളെ കണ്ടെന്ന് സുഹൃത്തിൽനിന്ന് നിർണായക വിവരം ലഭിച്ചു. ബംഗളൂരു കേന്ദ്രീകരിച്ച് കാറ്ററിംഗ് നടത്തുന്ന മലയാളികളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് ഇതുപോലെയുള്ള ആളെ തർബനഹള്ളിയിൽ കണ്ടെന്ന വിവരം ലഭിച്ചത്. വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. ആ ഭാഗം കേന്ദ്രീകരിച്ച് ഒരാഴ്ചയായി നടത്തിയ അന്വേഷണത്തിൽ തൃശൂരിലെ ഒരു സ്ത്രീയെ കല്യാണം കഴിച്ച് 20 വർഷത്തോളമായി സാബു എന്ന പേരിൽ താമസിച്ചു വരികയാണെന്നും അറിഞ്ഞു.
കാറ്ററിംഗ് ജോലി കഴിഞ്ഞാൽ വീട്ടിൽ തന്നെ കഴിയുകയാണ് പതിവ്. അതിനാൽ നാട്ടുകാർക്കൊന്നും ഇയാളെ കുറിച്ച് കൂടുതൽ അറിയില്ല. ടൂവിലറിന്റെ നമ്പർ സംഘടിപ്പിച്ച് നടത്തിയ അന്വേഷണത്തിൽ അത് രാഗേഷ് എന്ന പേരിലാണെന്ന് മനസിലായി. ആർസി ഡിറ്റെയിൽസ് പരിശോധിച്ചപ്പോൾ അതിൽ ഫോൺ നമ്പർ കണ്ടെത്തി. അതും രാഗേഷ് എന്ന് പേരിലായിരുന്നു. അതിന്റെ ഡീറ്റെയിൽസ് എടുത്തപ്പോൾ ഫോട്ടോ കിട്ടുകയും ഈ ഫോട്ടോ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചപ്പോൾ അവർ രാഗേഷിനെതിരിച്ചറിയുകയുമായിരുന്നു.
ഇന്നലെ അർധരാത്രിയോടെ നിരവധി വിടുകൾക്കിടയിൽ രാഗേഷ് താമസിക്കുന്ന വിട് കണ്ടെത്തുകയും പ്രത്യേക അന്വേഷണ സംഘം രണ്ടാം നിലയിലെ രാഗേഷ് താമസിക്കുന്ന മുറിയിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. വളർത്തുന്നനായയെ കൊണ്ട് പ്രതിരോധിക്കാൻ നോക്കിയെങ്കിലും പോലിസുകാർ തന്ത്രത്തിൽ നായയെ പൂട്ടിയിടുകയും രാഗേഷുമായി പുറത്തുകടക്കുകയും ഇന്ന് രാവിലെ കണ്ണൂരിൽ എത്തിക്കുകയു ചെയ്തു.
നർക്കോട്ടിക് സെൽ എസിപി വി.വി. മനോജ്, കണ്ണൂർ എസിപി ആസാദ്, സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങളായ എസ്ഐ വിനോദ്, എ എസ്ഐമാരായ ഷാജി, രാജീവൻ, സ്നേഹേഷ് ,സജിത്ത്, സിപിഒമാരായ നാസർ, അനുപ്, ഷംസീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
