മൗണ്ട് മൗൻഗനുയ്: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 92 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക 20 പന്ത് ബാക്കി നിൽക്കെ മറികടന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കോന്നർ എസ്റ്റർഹുയ്സെൻ 45 റൺസ് എടുത്തു. ഡിയാൻ ഫോറെസ്റ്റർ 16 റൺസും ജേസൺ സ്മിത്ത് 10 റൺസുമെടുത്തു.
ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമിസൺ, സക്കാറി ഫോൽക്ക്സ്, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് എടുത്തു. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് 14.3 ഓവറിൽ 91 റൺസിൽ ഔൾഔട്ടാവുകയായിരുന്നു.
ന്യൂസിലൻഡ് നിരയിൽ ജെയിംസ് നീഷത്തിനും ക്യാപ്റ്റൻ മിച്ചൽ സാന്റ്നറിനും കോൽ മക്കോഞ്ചിക്കും മാത്രം പിടിച്ചുനിൽക്കാനായത്. 26 റൺസെടുത്ത നീഷം ആണ് ടോപ്സ്കോറർ. സാന്റ്നറും മക്കോഞ്ചിയും 15 റൺസ് വീതം എടുത്തു. ബെവോൺ ജേക്കബ്സ് 10 റൺസ് സ്കോർ ചെയ്തു. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി എൻകോബനി മോകൊയെന മൂന്ന് വിക്കറ്റ് എടുത്തു. ജെറാൾജ് കോട്സെ, ഒട്ട്നെയ്ൽ ബാർട്ട്മാൻ, ക്യാപ്റ്റൻ കേശവ് മഹാരാജ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
