കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ഇന്ത്യൻ തീർത്ഥാടകർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം ഉണ്ടായത്. നേപ്പാളിലെ മണകാമന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
മണകാമന ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ബസ് ഷാഹിദ് ലഖാൻ ഗ്രാമപഞ്ചായത്തിലെ കാന്താർ എന്ന സ്ഥലത്ത് വെച്ച് ഏകദേശം 150 മീറ്ററോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇലക്ട്രിക് മിനി ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ മരിച്ച ഏഴ് പേരും തമിഴ്നാട് സ്വദേശികളാണ്. മുത്തുകുമാർ (58), ആനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയൽ (57), മീന (58), തമിഴരസി (60) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇതിൽ ഏഴ് പേർ ഇന്ത്യൻ തീർഥാടകരും, ബാക്കി രണ്ട് പേർ നേപ്പാളി സ്വദേശികളായ ബസിലെ ഡ്രൈവറും സഹായിയുമാണ് . ഇവരെ ഭരത്പൂരിലെ ചിത്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. കുത്തനെയുള്ള ഇറക്കവും വളവും നിറഞ്ഞ പാതയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
