ജീവന്‍ കാത്ത് മാലാഖ! മംഗലാപുരത്ത് പ്രണയനൈരാശ്യം മൂലം യുവാവിന്റെ കത്തിക്കുത്തിന് ഇരയായ പെണ്‍കുട്ടിയെ രക്ഷിച്ചത് ഒരു നഴ്‌സാണ്; ആ സംഭവം ഓര്‍ത്തെടുക്കുകയാണ് കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി നിമ്മി സ്റ്റീഫന്‍

ശ്രീ​ജി​ത് കൃ​ഷ്ണ​ൻ

ചി​ല നേ​രം അ​ങ്ങ​നെ​യാ​ണ്. നാം ​പോ​ലു​മ​റി​യാ​തെ ദൈ​വം ന​മ്മ​ളെ കൊ​ണ്ട് അ​വ​നാ​ഗ്ര​ഹി​ക്കു​ന്ന ചി​ല കാ​ര്യ​ങ്ങ​ൾ ചെ​യ്യി​പ്പി​ക്കും. അ​വ​ൻ കൂ​ടെ വ​ന്ന് ക​രം പി​ടി​ച്ചി​രി​ക്കു​ന്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ധൈ​ര്യം മ​ന​സി​ൽ വ​രും. എ​ല്ലാം ക​ഴി​ഞ്ഞ് ത​നി​ച്ചി​രി​ക്കു​ന്പോ​ൾ നാം ​ചി​ന്തി​ച്ചു​പോ​കും ഒ​രു നി​മി​ഷാ​ർ​ധംകൊ​ണ്ട് ഇ​ങ്ങ​നെ​യൊ​രു കാ​ര്യം ചെ​യ്യാ​ൻ എ​നി​ക്കെ​ങ്ങ​നെ സാ​ധി​ച്ചു​വെ​ന്ന്. അ​തു​പോ​ലൊ​രു നി​മി​ഷ​ത്തെ ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് മം​ഗ​ലാ​പു​രം ദേ​ർള​ക്ക​ട്ടെ ജ​സ്റ്റി​സ് കെ ​.എ​സ്. ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വദേശിനി നി​മ്മി സ്റ്റീഫൻ.

ചെകുത്താനായി ഒരു മനുഷ്യൻ

ബ​സി​റ​ങ്ങി റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന ഒ​രു പെ​ണ്‍​കു​ട്ടി.​ തൊ​ട്ടു​പി​ന്നാ​ലെ ബൈ​ക്കി​ലെ​ത്തു​ന്ന യു​വാ​വ് അ​വ​ളെ ത​ട​ഞ്ഞു​നി​ർ​ത്തു​ന്നു. നി​മി​ഷ​നേ​ര​ത്തെ വാക്കു ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ കൈയിൽ ക​രു​തി​വച്ച ക​ത്തി കൊ​ണ്ട് അ​വ​ളെ കു​ത്തി​വീ​ഴ്ത്തു​ന്നു. പി​ട​ഞ്ഞു​വീണ പെ​ണ്‍​കു​ട്ടി​യെ വീ​ണ്ടും വീ​ണ്ടും കു​ത്തു​ന്നു.

റോ​ഡി​ലും പ​രി​സ​ര​ത്തു​മു​ള്ള​വ​ർ പ​തി​വു​പോ​ലെ കാ​ഴ്ച​ക്കാ​രും മൊ​ബൈ​ൽ വീ​ഡി​യോ​ഗ്രാ​ഫ​ർ​മാ​രു​മാ​കു​ന്നു. ഈ ​കാ​ഴ്ച ഇ​ന്ന​ത്തെ കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഉ​ത്ത​രേ​ന്ത്യ​യി​ലു​മെ​ല്ലാം ഒ​രു​പോ​ലെ സം​ഭ​വി​ക്കു​ന്ന​താ​ണ്. ഒ​രുവേ​ള മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ ചെ​കു​ത്താ​ൻ കു​ടി​യേ​റു​ന്പോ​ൾ സംഭവിക്കുന്ന ഇത്തരം പൈശാചികപ്രവൃത്തികൾ പലതും അടുത്തനാളിൽ നാം കണ്ടതാണല്ലോ.

സൗമ്യ എന്ന പോലീസ് ഉദ്യോഗസ്ഥയെ സഹപ്രവർത്തകനായ അജാസ് ബൈക്ക് ഇടിച്ചുവീഴ്ത്തി ചുട്ടുകൊന്നതിന്‍റെ നടുക്കുന്ന ഓർമകൾ നിമ്മിയുടെ മനസിലും മിന്നിയിട്ടുണ്ടാവണം. നിമ്മിയെപ്പോലൊരാൾ കണ്ടിരുന്നെങ്കിൽ സൗമ്യയും രക്ഷപ്പെടുമായിരുന്നല്ലോ.

മാലാഖയായി നിമ്മി

പ​ക്ഷേ ക​ഴി​ഞ്ഞ ദി​വ​സം മം​ഗ​ലാ​പു​രം ദേ​ർ​ല​ക്ക​ട്ട​യി​ൽ ഇ​തു​പോ​ലൊ​ന്ന് സം​ഭ​വി​ച്ച​പ്പോ​ൾ എ​ല്ലാം കൈ​വി​ട്ടെ​ന്നു ക​രു​തി​യ നി​മി​ഷ​ത്തി​ലാ​ണ് ദൈ​വ​ത്തി​ന്‍റെ ദൂ​തു​മാ​യി നി​മ്മി​യെ​ത്തി​യ​ത്. ന​ഴ്സു​മാ​രെ മാ​ലാ​ഖ​മാ​രെ​ന്നു വി​ളി​ക്കു​ന്ന​ത് വെ​റും​വാ​ക്ക​ല്ലെ​ന്ന് ഒ​രു​വ​ട്ടം​കൂ​ടി എ​ല്ലാ​വ​ർ​ക്കും തോ​ന്നി​പ്പോ​കു​ന്നൊ​രു നി​മി​ഷം. എ​ല്ലാം ന​ശി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന വെ​ന്പ​ലി​ൽ അ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഓ​രോ​രു​ത്ത​രേ​യും ക​ത്തി വീ​ശി അ​ക​റ്റി​നി​ർ​ത്തു​ക​യാ​യി​രു​ന്നു അ​തു​വ​രെ​യും ആ ​യു​വാ​വ്.

ഒ​ടു​വി​ൽ നി​സഹാ​യ​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വ​ന​റ്റു​പോ​കു​ന്ന നി​മി​ഷം കാ​ത്ത് അയാൾ അ​വ​ളു​ടെ മേ​ൽ അ​മ​ർ​ന്നു​കി​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് ഒ​രു ചു​വ​ടു പോ​ലും ഇ​ട​റാ​തെ നി​മ്മി മു​ന്നോ​ട്ടു​നീ​ങ്ങി അ​യാ​ളെ പി​ടി​ച്ചു​മാ​റ്റാ​നെ​ത്തി​യ​ത്. കു​ത്തേ​റ്റു പി​ട​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ നിലവിളിയും പ്രാണവേദനയും നി​മ്മി​യെ അ​ത്ര​മേ​ൽ പി​ടി​ച്ചു​ല​ച്ചി​രു​ന്നു. ജീ​വ​നു​വേ​ണ്ടി പി​ട​യു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ മേ​ൽ ക​യ​റി​ക്കി​ട​ന്ന അ​ക്ര​മി​യെ സ്വ​ന്തം ജീ​വ​നെ​ക്കു​റി​ച്ചു​പോ​ലും ചി​ന്തി​ക്കാ​തെ ആ​ൾ​ക്കൂ​ട്ട​ത്തി​നു പി​ന്നി​ൽ നി​ന്നോ​ടി​യെ​ത്തി​യ നി​മ്മി പി​ടി​ച്ചു വ​ലി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു.

ജീവന്‍റെ കാവൽക്കാരി

നി​മ്മി​യു​ടെ മു​ഖ​ത്തെ ധൈ​ര്യ​വും സം​യ​മ​ന​വും ക​ണ്ട് ഒ​രു നി​മി​ഷം അ​ക്ര​മി​യു​ടെ ക്രൂര മ​ന​സുപോ​ലും പ​ത​റി​പ്പോ​യി​രി​ക്ക​ണം. നി​മ്മി ഒ​റ്റ​യ്ക്കു ത​ന്നെ അ​യാ​ളെ വ​ലി​ച്ചു​മാ​റ്റി​ക്ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കാ​ണ് ധൈ​ര്യം പ​ക​ർ​ന്നു​കി​ട്ടി​യ മ​റ്റു​ള്ള​വ​ർ സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ നി​മ്മി ജോ​ലി​ചെ​യ്യു​ന്ന കെ.എ​സ്. ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ലാ​ൻ​സി​യും ഡ്രൈ​വ​ർ പ്ര​വീ​ണും ആം​ബു​ല​ൻ​സു​മാ​യെ​ത്തി.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു നി​മി​ഷം പോ​ലും ക​ള​യാ​തെ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ൻ​സി​ൽ ക​യ​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. അപ്പോഴേക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ടി​യ​ന്തര സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ ത​യാ​റാ​ക്കി വ​ച്ചി​രു​ന്നു.

അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി ഇ​പ്പോ​ൾ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പൂ​ർ​ണ​ബോ​ധ​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ത​ന്‍റെ ജീ​വ​ന്‍റെ കാ​വ​ൽ​ക്കാ​രി​യാ​യ നി​മ്മി​യു​ടെ മു​ഖം ആ ​മ​ന​സിലി​പ്പോ​ഴും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു​ണ്ടാ​വ​ണം. ബോ​ധം മ​റ​യു​ന്ന​തി​നു മു​ന്പു​ള്ള അ​വ​സാ​ന കാ​ഴ്ച അ​താ​യി​രു​ന്ന​ല്ലോ.

നിമ്മിയുടെ വാക്കുകൾ

ജൂൺ 28. വൈകുന്നേരം 4.30. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​കാ​ൻ നി​ൽ​ക്കു​ന്പോ​ഴാ​ണ് താ​ഴെ നി​ന്ന് ആ നി​ല​വി​ളി കേ​ട്ട​ത്. അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ന്‍റെ ജ​ന​ലി​ലൂ​ടെ നോ​ക്കി​യാ​ൽ കാ​ണാ​വു​ന്ന റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ദ്യം വാ​ഹ​നാ​പ​ക​ട​മാ​ണെ​ന്നാ​ണ് ക​രു​തി​യ​ത്.

പി​ന്നീ​ടാ​ണ് പെ​ണ്‍​കു​ട്ടി കു​ത്തേ​റ്റു വീ​ണ​താ​ണെ​ന്നും അ​ക്ര​മി സ്വ​യം കു​ത്തി മു​റി​വേ​ൽ​പ്പി​ച്ച ശേ​ഷം തൊ​ട്ട​ടു​ത്തു​ത​ന്നെ നി​ൽ​ക്കു​ന്നു​ണ്ടെ​ന്നും മനസിലായത്. ചോ​ര​യി​ൽ കു​ളി​ച്ചുകി​ട​ന്ന് ജീ​വ​നു​വേ​ണ്ടി പി​ട​യു​കയായിരുന്നു അവൾ. പെട്ടെന്നുതന്നെ അങ്ങോട്ടേക്ക് ഓടി. അടുത്തെത്തിയപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം പിടികിട്ടിയത്. അവളെ രക്ഷിക്കാൻ ആദ്യം അയാളെ വലിച്ചുമാറ്റണമായിരുന്നു.

സ്വയം മരിക്കാനുള്ള ശ്രമത്തിലാണ് അയാളെന്നും എനിക്കു തോന്നി. പെട്ടെന്നുതന്നെ അക്രമിയെ വലിച്ചുമാറ്റാനാണ് ശ്രമിച്ചത്. അതിനുള്ള ധൈര്യം അപ്പോൾ കിട്ടുകയും ചെയ്തു. തൊ​ട്ടു​പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽനി​ന്ന് ആം​ബു​ല​ൻ​സും എ​ത്തി. അവൾ പെട്ടെന്നുതന്നെ സുഖംപ്രാപിക്കട്ടെയെന്നാണ് പ്രാർഥന. നിമ്മി പറഞ്ഞു നിർത്തി.

ആ​രു​ടേ​യോ മൊ​ബൈ​ൽ കാ​മ​റ​യി​ലോ സി​സി​ടി​വി​യി​ലോ പ​തി​ഞ്ഞ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പുറംലോ​ക​മ​റി​ഞ്ഞ​ത്. നി​റ്റെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ എം​ബി​എ വി​ദ്യാ​ർ​ഥിനി​യാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി.

യുവാവ് മം​ഗ​ലാ​പു​രം ശ​ക്തി​ന​ഗ​ർ ര​മാ​ശ​ക്തി മി​ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന ഡാ​ൻ​സ് കൊറി​യോ​ഗ്രാ​ഫ​റാ​ണ്. ഇയാളാണ് പ്ര​ണ​യ​നൈ​രാ​ശ്യം മൂ​ലം പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​നി​ട​യി​ൽ സ്വ​ന്തം ക​ഴു​ത്തി​ൽ കു​ത്തി മു​റി​വേ​ൽ​പ്പി​ച്ച യുവാവും ആ​ശു​പ​ത്രി​യി​ലാ​ണ്. ഇ​യാ​ൾ​ക്കെ​തി​രേ പോ​ലീ​സ് വ​ധ​ശ്ര​മ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

നഴ്സുമാർ അങ്ങനെയാണ്

അ​ഭി​ന​ന്ദ​ന​ങ്ങ​ളു​ടെ പ്ര​വാ​ഹ​ത്തി​നി​ട​യി​ലും ആ​രാ​ലും അ​റി​യ​പ്പെ​ടാ​തെ സാ​ധാ​ര​ണ​ക്കാ​രി​യാ​യി ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ക​യാ​ണ് നി​മ്മി. ക​ഴി​ഞ്ഞ ദി​വ​സം ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശു​പ​ത്രി എം​ഡി വി​ന​യ് ഹെ​ഗ്ഡെ നേ​രി​ട്ടെ​ത്തി കാ​ഷ് അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും നിമ്മിക്ക് സ​മ്മാ​നി​ച്ചു. നി​റ്റെ ക​ൽ​പ്പിത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചാ​ൻ​സ​ല​റും വൈ​സ് ചാ​ൻ​സ​ല​റും നേ​രി​ട്ട് വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു.

ക​ണ്ണൂ​ർ ജി​ല്ല​യി​ൽ പ​യ്യാ​വൂ​ർ ഉ​പ്പു​പട​ന്ന​യി​ലെ കു​ള​ക്കാ​ട്ട് സ്റ്റീ​ഫ​ന്‍റെ​യും ത​ങ്ക​മ്മ​യു​ടെ​യും ഇ​ള​യ മ​ക​ളാ​യ നി​മ്മി നി​റ്റെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നു ത​ന്നെ​യാ​ണ് ബിഎ​സ്‌സി ന​ഴ്സിം​ഗ് പാ​സാ​യ​ത്. സ​ഹോ​ദ​ര​ൻ​മാ​രാ​യ നി​തി​ൻ ഓ​ഡി​യോ​ള​ജി​സ്റ്റാ​യും മി​തി​ൻ എ​ൻ​ജി​നിയ​റാ​യും വി​ദേ​ശ​ത്ത് ജോ​ലി​ചെ​യ്യു​ക​യാ​ണ്.

നി​മ്മി​യെ കാ​ണു​ന്പോ​ഴും സം​ഭ​വ​ത്തി​ന്‍റെ വി​വ​ര​ണം കേ​ൾ​ക്കു​ന്പോ​ഴും അ​റി​യാ​തെ ഓ​ർ​ത്തു​പോ​വു​ന്നു, വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യും വി​ദ്യാ​ർ​ഥിനി​ക​ളു​മൊ​ക്കെ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴും ആ​രെ​ങ്കി​ലു​മൊ​രാ​ൾ ഇ​തു​പോ​ലെ വ​ന്നി​രു​ന്നെ​ങ്കി​ലെ​ന്ന്. ഒ​രു ന​ഴ്സെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ നി​മ്മി​യെ​പ്പോ​ലെ സ്വ​ന്തം ജീ​വ​ൻ മ​റ​ന്ന് ഓ​ടി​യെ​ത്തു​മാ​യി​രു​ന്നുവെന്ന്. കാ​ര​ണം നി​മ്മി പ​റ​യു​ന്ന​തു​പോ​ലെ ന​ഴ്സു​മാ​ർ എ​ന്നും അ​ങ്ങ​നെ​യാ​ണ്. ജീവന്‍റെ വില നന്നായി അറിയുന്നതും ഈ മാലാഖമാർക്കാണല്ലോ.

Related posts