ഇരുചക്ര വാഹനങ്ങളില്‍ വൈദ്യുതി എന്‍ജിനുകള്‍ ഉപയോഗിച്ചാല്‍ എണ്ണ ഇറക്കുമതിയിനത്തില്‍ ഒന്നരലക്ഷം കോടിരൂപ ലാഭിക്കാം! നിര്‍ദേശവുമായി നീതി ആയോഗ്

ഇന്ധന വിലവര്‍ധനവില്‍ നട്ടം തിരിയുകയാണ് രാജ്യത്തെ ജനങ്ങള്‍. പെട്രോളിന്റെയും ഡീസലിന്റെയുമെല്ലാം വില സെഞ്ചുറിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവും കനക്കുന്നു. എങ്കിലും വില കുറയ്ക്കുന്നതിനായി ബിജെപി സര്‍ക്കാര്‍ വേണ്ടതൊന്നും ചെയ്യാന്‍ മുതിരുന്നില്ലെന്നാണ് മനസിലാവുന്നത്.

എന്നാല്‍ വിലവര്‍ധനവിന് മറ്റൊരു പരിഹാരം സര്‍ക്കാരിന്റെ ഭാഗമായ നീതി ആയോഗ് നിര്‍ദേശിക്കുകയാണിപ്പോള്‍. ഇരുചക്രവാഹനങ്ങളില്‍ പെട്രോള്‍ എഞ്ചിന് പകരം വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന എഞ്ചിനുകള്‍ ഉപയോഗിച്ചാല്‍ എണ്ണ ഇറക്കുമതിയിനത്തില്‍ ഇന്ത്യക്ക് ഒരു വര്‍ഷം 1 .2 ലക്ഷം കോടി രൂപ വെട്ടിക്കുറക്കാമെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്.

‘ഇന്ത്യയില്‍ 170 ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങളുണ്ട്. ഓരോ ഇരുചക്രവാഹനവും ഒരു ദിവസം അര ലിറ്ററിലധികം പെട്രോള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ മൊത്തം ഇരുചക്രവാഹനങ്ങളില്‍ ഉപയോഗിക്കുന്ന പെട്രോളിന്റെ അളവ് 34 ബില്യണ്‍ ലിറ്ററോളം വരും.

ലിറ്ററിന് 70 രൂപ നിരക്കില്‍ ഇത്രയും പെട്രോളിന് 2 . 4 ലക്ഷം കോടി രൂപ വരും. അതില്‍ അമ്പത് ശതമാനത്തോളം ഇറക്കുമതി ചെയ്ത ഇന്ധനത്തിന്റെ വിലയാണെന്ന് കൂട്ടിയാല്‍ തന്നെ, 1 . 2 ലക്ഷം കോടി രൂപയുടെ പെട്രോള്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ല,’നീതി ആയോഗ് പുറത്തുവിട്ട സീറോ എമിഷന്‍ വെഹിക്കിള്‍സ്: റ്റുവാര്‍ഡ്സ് എ പോളിസി ഫ്രെയിംവര്‍ക് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത അഞ്ചോ ഏഴോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കാമെന്നും എന്നാല്‍ പുതിയ സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കാനും വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ഇന്ത്യ മറ്റു രാജ്യങ്ങളുമായി കിടപിടിക്കുന്ന എന്ന് ഉറപ്പുവരുത്താനും കഴിയുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്.

അതെ സമയം, കാലാവസ്ഥ വ്യതിയാനം നേരിടാന്‍ രാജ്യത്ത് വൈദ്യുതി വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയങ്ങള്‍ കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ട് പുറത്തു വിടുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

വാഹനങ്ങള്‍ പെട്രോളില്‍ നിന്ന് വൈദ്യുതിയിലേക്ക് മാറുന്നത് മൂലം മലിനീകരണം ഇല്ലാതാവുമെന്നും ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ചിലവ് ഗണ്യമായി വെട്ടിക്കുറക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related posts