തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധമായി. സഭയില്‍ ഭരണപ്രതിപക്ഷ വാക്ക്പോരും ബഹളവും. പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്കരിച്ച് പ്രതിഷേധം തുടങ്ങി. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയ്ക്കകത്ത് പ്രതിഷേധം തുടരുന്നു. പ്ലക്കാര്‍ഡുകളുമായെത്തിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടരുകയാണ്. ശരണം വിളികളോടെയും സ്വര്‍ണം കട്ടതാരപ്പ എന്ന പാരഡിഗാനം പാടിയുമാണ് പ്രതിപക്ഷ പ്രതിഷേധം.
ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ പ്രതികളെല്ലാം ജാമ്യം കിട്ടി പുറത്ത് വരുന്നു. എസ്ഐടിക്ക് മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. തന്ത്രിയെ അനാവശ്യമായി ജയിലില്‍ അടച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. കെ.ബാബുവാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പ്രതിപക്ഷത്തെ ആരോപണങ്ങളെ ഭരണപക്ഷം പ്രതിരോധിച്ചു. മന്ത്രിമാര്‍ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വന്നു.
യുഡിഎഫും ബിജെപിയും തന്ത്രിയുടെ വക്കാലത്തുമായി വന്നിരിക്കുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തന്ത്രിക്ക് പ്രത്യേകമായി ഒരു അവകാശവുമില്ല. മറ്റ് പ്രതികളെപ്പോലെയാണ് തന്ത്രിയെന്നും മന്ത്രി പറഞ്ഞു. വാജിവാഹനക്രമക്കേടില് യുഡിഎഫിനും പങ്കുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. പ്രതിപക്ഷത്തിന്റെ വിമര്‍ശനം ഹൈക്കോടതിക്കെതിരെയാണെന്ന്് മന്ത്രി പി. രാജീവ് പറഞ്ഞു. കോണ്‍ഗ്രസ് ബിജെപിയുമായി കൂട്ടുകൂടുന്നുവെന്ന് മന്ത്രി ബാലഗോപാലും സഭയില്‍ ആരോപണം ഉന്നയിച്ചു.
അയ്യപ്പസംഗമത്തിന്റെ പേരില്‍ വന്‍ സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. യാതൊരു തെളിവുമില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷം സോണിയഗാന്ധിയും ഉണ്ണികൃഷ്ണന് പോറ്റിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഉയര്‍ത്തികാട്ടി.
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ സമ്മേളനം ഗില്ലറ്റിന് ചെയ്ത് നാളെ അവസാനിപ്പിക്കാന്‍ ധാരണയായി. കുടുതല്‍ ബില്ലുകളും നടപടികളും നാളത്തെ സഭ സമ്മേളനത്തില്‍ പാസ്സാക്കും.
