കൊച്ചി : പൊതു സ്ഥലത്തെ പുകവലി നിരോധനം 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പുകവലി നിര്‍ബാധം തുടരുന്നതിനെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുകയാണ് വനിതാ കമ്മീഷന് മുന്‍ അംഗം പ്രഫ. മോനമ്മ കോക്കാട്. 1999 ജൂലൈ 12 ന് പൊതുസ്ഥലങ്ങളിലെ പുകവലി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ചരിത്ര വിധി നേടിയെടുത്ത വ്യക്തിയാണ് പ്രഫ. മോനമ്മ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പൊതുവിടങ്ങളില്‍ പുകവലി തുടരുന്നതിനെ ശക്തമായി പ്രതികരിക്കാനൊരുങ്ങുകയാണ് ഇവര്‍.
ഞാന്‍ കോട്ടയം ബിസിഎം കോളജില്‍ പഠിപ്പിച്ചിരുന്ന സമയത്ത് എറണാകുളത്തു നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകളില്‍ ട്രെയിനില്‍ യാതൊരു മാന്യതയുമില്ലാതെയായിരുന്നു ആളുകള്‍ പുകച്ചുരുള്‍ ഊതിവിട്ടിരുന്നത്. കമ്പാര്‍ട്ടുമെന്റുകളിലെ ഈ പുകവലിക്കാര്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ എവിടെ നിന്നു പുകവലിക്കണം എന്നുള്ളത് ഞങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതികരണം. ശുദ്ധവായു ശ്വസിക്കാന്‍ നമുക്കും അവകാശമില്ലേയെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അങ്ങനെയാണ് പൊതു ഇടങ്ങളിലെ പുകവലിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും. എന്നാല്‍ ഈ മാസം 12 ന് വിധി വന്നതിന്റെ 27-ാം വര്‍ഷമാണ്. ഇപ്പോഴും പൊതുസ്ഥലത്ത് പുകവലിക്കാനുള്ള സ്വാതന്ത്ര്യം വീണ്ടും കിട്ടിക്കഴിഞ്ഞു- പ്രഫ. മോനമ്മ കോക്കാട് പറഞ്ഞു.
അന്ന് കോടതി വിധി സര്‍ക്കാരും പോലീസും നല്ലരീതിയില്‍ നടപ്പാക്കി. എന്നാല്‍ വര്‍ഷം കഴിയുന്തോറും അതിന്റെ ഗൗരവം കുറഞ്ഞുവരുകയാണ്. അങ്ങനെയൊരു വിധിയുണ്ടെന്ന് ഇപ്പോള്‍ പലര്‍ക്കും അറിയില്ല. പോലീസ് നടപടി ശുഷ്ക്കമായതിനെ തുടര്‍ന്ന് എല്ലായിടത്തും പുകവലിക്കാര്‍ കൂടുകയാണ്. പെണ്‍കുട്ടികളും കൂട്ടത്തിലുണ്ട്. പുകവലി മഹാവിപത്താണ്. പുകവലിയിലൂടെയാണ് ലഹരിയിലേക്ക് പോകുന്നത്.
സിനിമയിലും സീരിയലിലുമൊക്കെ പുകവലിയും മദ്യപാനവും കണ്ടുവളരുന്ന പുതുതലമുറയ്ക്ക് ഹീറോയാകണമെങ്കില്‍ ലഹരി ഉപയോഗിക്കണമെന്ന തെറ്റായ സന്ദേശമാണ് ഇതിലൂടെ ലഭിക്കുകയെന്നും പ്രഫ. മോനമ്മ പറഞ്ഞു. ഈ സാചര്യത്തിലാണ് അവര്‍ നിയമനടപടിയെക്കുറിച്ച് ആലോചിക്കുന്നത്.
ചരിത്ര വിധി
പൊതുസ്ഥലങ്ങളിലെ പുകവലി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ചരിത്ര വിധി 1999 ജൂലൈ 12നായിരുന്നു. കോഴിക്കോട് സ്വദേശി കെ. രാമകൃഷ്ണനെ സഹഹര്ജിക്കാരനാക്കി പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം ആവശ്യപ്പെട്ട് പ്രഫ. മോനമ്മ കോക്കാട് 1998ലാണ് ഹര്‍ജി നല്‍കിയത്. അതിനു മുന്നേ ലയണ്‍സ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും ചാവറ കള്‍ച്ചര്‍ സെന്റര്‍ സെക്രട്ടറിയായിരുന്ന ടി.എ. വര്‍ക്കിയുടെയും നേതൃത്വത്തില്‍ പൊതുസ്ഥലത്തെ പുകവലിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കി.
1999 ജൂലായ് 12നായിരുന്നു ചീഫ് ജസ്റ്റിസായിരുന്ന എ.ആര്. ലക്ഷ്മണ്, ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് പൊതുസ്ഥലത്ത് പുകവലി നിരോധിച്ച് ചരിത്ര വിധി പുറപ്പെടുവിച്ചത്. പൊതുഇടങ്ങളില്‍ പുകവലിക്കുന്നതു പൗരന്റെ ജീവിക്കാനുള്ള അവകാശങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇതു കുറ്റകരമാണെന്നു ജില്ലാ കളക്ടര്‍മാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും വിധിച്ചു.
കേരളത്തിനു പിന്നാലെ വിവിധ സംസ്ഥാനങ്ങള്‍ വിധി നടപ്പാക്കി.
- സീമ മോഹന്‍ലാല്‍
