കൊച്ചി: എംജി റോഡില്‍ അടിത്തറ ഉയര്‍ത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം പൊളിച്ചു നീക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിക്കും. പൊളിച്ചു നീക്കാനുള്ള ചെലവ് കെട്ടിട ഉടമയില്‍ നിന്നും ഈടാക്കാനാണ് കോർപറേഷൻ തീരുമാനം.
ചെലവ് വഹിക്കാന്‍ തയാറായില്ലെങ്കില്‍ കെട്ടിടം കെട്ടിടം നില്ക്കുന്ന ഭൂമിയില്‍ പുതിയ കെട്ടിടം പണിയാനോ നിര്‍മാണത്തിനോ ഉള്ള അനുമതി നല്‍കില്ലെന്ന് അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിന് ബലക്ഷയമുള്ളതിനാല്‍ അടിത്തറ ഉറപ്പിച്ച് കെട്ടിടം നിവര്‍ത്തിയ ശേഷമാണ് പൊളിച്ചു തുടങ്ങുക.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് എംജി റോഡില്‍ വുഡ്ലാന്‍ഡ്സ് ജംഗ്ഷന് സമീപം ഇരുനിലക്കെട്ടിടം അടിത്തറ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി ചരിഞ്ഞത്. ഇതോടെ കെട്ടിടം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമയ്ക്ക് അടുത്തദിവസം കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
ചരിഞ്ഞ കെട്ടിടം പൂര്‍ണമായി പൊളിച്ചു നീക്കിയശേഷം മാത്രമേ സമീപത്തെ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ആരംഭിക്കാനാകൂ. പത്തു ദിവസത്തോളം എടുത്ത് ഘട്ടം ഘട്ടമായി ആയിരിക്കും കെട്ടിടം പൊളിച്ചു നീക്കുകയെന്ന് അധികൃതർ അറിയിച്ചു.
