പരവൂർ: ട്രെയിനുകളിലെ പാചകപ്പുരകളായ പാൻട്രികളിൽ ശുചിത്വമില്ലായ്മയും എലിശല്യവും വർധാക്കുന്നതായി വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിൽ കർശന നടപടികളുമായി റെയിൽവേ മന്ത്രാലയം.2010 മുതൽ വിവിധ കാലയളവുകളിലായി പുറപ്പെടുവിച്ചിട്ടുള്ള ക്ലീനിംഗ് പ്രോട്ടോക്കോളുകൾ രാജ്യത്തെ എല്ലാ റെയിൽവേ സോണുകളും വിട്ടുവീഴ്ചയില്ലാതെ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ഒടുവിൽ മുന്നറിയിപ്പ് നൽകി.
പ്രാഥമിക ഡിപ്പോകളിൽ പാചകം ചെയ്യുന്ന സ്ഥലങ്ങളിലെ വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, കീട നിയന്ത്രണം എന്നിവ സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നിലവിലുണ്ടായിട്ടും ഇവ പാലിക്കപ്പെടുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് എല്ലാ സോണൽ റെയിൽവേകൾക്കും മന്ത്രാലയം അടിയന്തര നിർദേശങ്ങളടങ്ങിയ കത്തയച്ചത്.
പാന്ട്രികളിലെയും കോച്ചുകളിലെയും ഇത്തരം മോശം അവസ്ഥകൾ യാത്രക്കാരുടെ സുഖസൗകര്യങ്ങളെയും ആരോഗ്യത്തെയും ബാധിക്കുന്നതിനൊപ്പം ഇന്ത്യൻ റെയിൽവേയുടെ പ്രതിച്ഛായയെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുൻപ് 2024-ലും സമാനമായ ലംഘനങ്ങൾ കണ്ടെത്തി മന്ത്രാലയം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ചില ഡിപ്പോകളിൽ ഈ നിർദേശങ്ങൾ നടപ്പിലാക്കുന്നത് നിർത്തലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
2010-ലും 2011-ലും മന്ത്രാലയം പുറപ്പെടുവിച്ച കർശന ഉത്തരവ് പ്രകാരം പാചകം ചെയ്യുന്ന സ്ഥലങ്ങളുടെ അറ്റകുറ്റപ്പണിയും സുരക്ഷയും ഒപ്പം എലി നിയന്ത്രണവും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ ഓരോ 15 ദിവസം കൂടുമ്പോഴും കൃത്യമായി കീട നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തണമെന്നും റെയിൽവേ വ്യക്തമാക്കുന്നു. ട്രെയിനുകളിൽ കേറ്ററിംഗ് ജോലികൾക്കായി കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട കമ്പനികളിലെ ജീവനക്കാർ കോച്ചുകളുടെ വെസ്റ്റിബ്യൂൾ ഭാഗങ്ങളിലും വാഷിംഗ് ലൈനുകൾക്ക് സമീപവും അവശിഷ്ടങ്ങളും പ്ലാസ്റ്റിക് പ്ലേറ്റുകളും വലിച്ചെറിയുന്നത് പതിവാണെന്ന് റെയിൽവേയുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ട്രെയിനുകൾ ഓടിക്കൊണ്ടിരിക്കുമ്പോൾ പോലും ലൈസൻസുള്ള ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ മാലിന്യ നിർമാർജന മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം ലംഘനങ്ങൾക്കെതിരേ സോണൽ റെയിൽവേകൾ കേസെടുത്ത് വരികയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
മാർഗനിർദേശങ്ങൾ കരാർ കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനാണെങ്കിലും അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അശ്രദ്ധ കാരണമാണ് മന്ത്രാലയത്തിന്റ മാനദണ്ഡങ്ങൾ പലപ്പോഴും കർശനമായി നടപ്പിലാക്കാൻ സാധിക്കാത്തതെന്ന് റെയിൽവേ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു. വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കി കുറ്റക്കാർക്കെതിരേ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാനാണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനം.
