പേടിയോടെ സമീപിക്കേണ്ട നാടല്ല ഉത്തരകൊറിയ! യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലം; ഉത്തരകൊറിയ എന്ന വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രത്യേകതകള്‍ ഇവയൊക്കെ

ഉത്തരകൊറിയ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ക്ക് പേടിയാണ്. ഉഗ്രസ്‌ഫോടനശേഷിയുള്ള ആയുധങ്ങള്‍ അവരുടെ പക്കലുണ്ട് എന്നതുതന്നെയാണ് ഈ രാജ്യത്തെയും പ്രത്യേകിച്ച് രാജ്യ തലവന്‍ കിം ജോംഗ് ഉന്നിനെയും അനേകരുടെ പേടി സ്വപ്‌നമാക്കുന്നത്. എന്നാല്‍ ആളുകള്‍ കരുതുന്നതുപോലെയല്ല കാര്യങ്ങളെന്നാണ് ഉത്തരകൊറിയയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യന്‍ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്ുകൊണ്ടാണ് ഉത്തരകൊറിയ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്‍കിയ വിനോദസഞ്ചാര ഏജന്‍സി റഷ്യയില്‍ വ്യാഴാഴ്ച പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ പൂര്‍ണമായും ഇഴുകിച്ചേര്‍ന്നുള്ള യാത്ര എന്നതിനൊപ്പം ലണ്ടന്‍ നഗരത്തിലും സുരക്ഷിതമായ സ്ഥലമെന്ന വിശേഷണത്തോടു കൂടിയാണ് സഞ്ചാരികളെ ഉത്തരകൊറിയ ക്ഷണിക്കുന്നത്.

യുഎസ് പൗരന്‍മാര്‍ ഉത്തരകൊറിയയിലേക്ക് പോകുന്നതില്‍ വിലക്കേര്‍പ്പെടുത്താനുള്ള ട്രംപ് സര്‍ക്കാരിന്റെ നടപടിക്ക് പിന്നാലെയാണ് റഷ്യയില്‍ ഉത്തരകൊറിയ ട്രാവല്‍ ഏജന്‍സി ആരംഭിച്ചത്. റഷ്യയില്‍ നിന്നുള്ള സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കും ഉത്തരകൊറിയയിലേക്കുള്ള വിവിധ വിനോദസഞ്ചാര പാക്കേജുകള്‍ ലഭ്യമാണ്. റഷ്യന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, മന്ദാരിന്‍ എന്നീ ഭാഷകളില്‍ ടൂര്‍ പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ് ഉത്തരകൊറിയയെന്ന് റഷ്യന്‍ ടൂറിസം ഏജന്‍സി യൂണിയന്‍ പ്രസിഡന്റ് സെര്‍ജി ഗൊലോവും അഭിപ്രായപ്പെട്ടു. നിയമം പാലിക്കുന്ന ഏതൊരാളുടെയും പൂര്‍ണസുരക്ഷ ഞങ്ങള്‍ ഉറപ്പുവരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി രാജ്യങ്ങളിലൂടെ യാത്ര ചെയ്യുകയും അനുഭവങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തുവരുന്ന ഡ്രൂ ബിന്‍സ്‌കിയുടെ വീഡിയോ ഇതിനു തെളിവാണ്. ഗൈഡിന്റെ സഹായത്തോടുകൂടിയ നഗരപര്യടനമാണ് ഡ്രൂ നടത്തിയത്.

ഉത്തരകൊറിയയിലെ ടൂര്‍ കമ്പനികളെല്ലാം മികച്ച സംഘാടനവും ആസൂത്രണവുമാണ് കാഴ്ചവെയ്ക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ആധുനിക സംവിധാനങ്ങള്‍ നിറഞ്ഞ നഗരമാണ് പോങ്യാങ്. മൂന്നു ദിവസത്തെ യാത്രയ്ക്കിടെ ഒരിക്കല്‍ പോലും പ്രദേശവാസികളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നിട്ടില്ല. അതേസമയം നഗരത്തിന്റെ മുക്കും മൂലയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. നിയമം അനുസരിക്കുന്നവര്‍ക്ക് ആരെയും ഭയപ്പെടേണ്ടി വരില്ല എന്നാണ് നഗരയാത്രകളിലൂടെ ഡ്രൂ തിരിച്ചറിഞ്ഞത്. ഉത്തരകൊറിയയില്‍ തൊഴില്‍ അവസരങ്ങള്‍ കുറവാണെന്ന് യാത്രയിലൂടെ ഡ്രൂവിന് മനസിലാക്കാന്‍ സാധിച്ചു. സ്വന്തമായി കാറുള്ളവര്‍ കുറവാണ് അവിടെ. ഇന്റര്‍നെറ്റ് വളരെ കുറച്ചുപേര്‍ക്കേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ജനങ്ങള്‍ എന്തറിയണം എന്ന് സര്‍ക്കാരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ അതിരുകള്‍ക്ക് അപ്പുറം എന്താണ് സംഭവിക്കുന്നത് എന്നവര്‍ അറിയുന്നില്ല. ഇത്തരം സഞ്ചാരികളെ ഇവയൊന്നും ബാധിക്കുന്നില്ലാത്തിനാല്‍ യാത്രകളിഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടും അറിഞ്ഞും മനസിലാക്കേണ്ട സ്ഥലമാണ് ഉത്തരകൊറിയ എന്നാണ് ഇവിടേയ്ക്ക് യാത്രകള്‍ നടത്തിയിട്ടുള്ളവര്‍ പറയുന്നത്.

 

 

Related posts