കിം ജോംഗ് ഉന്‍ അടങ്ങുന്നില്ല! ജപ്പാന്‍ കടലിലേയ്ക്ക് വീണ്ടും മിസൈല്‍; വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; പ്രകോപനത്തില്‍ ഭയന്ന് ലോകം

നിരന്തരമായി പ്രകോപനങ്ങള്‍ തുടരുന്ന ഉത്തര കൊറിയയും ഏകാധിപതി കിം ജേംഗ് ഉന്നും യുദ്ധം ചോദിച്ചു വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തെ ഭീതിയിലാഴ്ത്തി ഉത്തര കൊറിയ ഇന്നലെ അര്‍ദ്ധരാത്രി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ജപ്പാന്റെ അധീനതയിലുള്ള കടലില്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഉത്തര കൊറിയയില്‍ നിന്നും തൊടുത്ത് അന്‍പതു മിനിട്ട് പറന്ന മിസൈല്‍ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിലെ കടലിലാണു പതിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ മന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചുകൂട്ടി. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ് ആണ് മിസൈല്‍ വിക്ഷേപണ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. തുടര്‍ന്ന് അവിടുത്തെ സൈന്യവും പിന്നീട് യുഎസും ഇതു ശരിവച്ചു. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ്ങിലെ പ്യോങ്സോങ്ങില്‍നിന്നാണ് മിസൈല്‍ പ്രയോഗിച്ചത്. ഇതിനു മറുപടിയെന്നോണം ദക്ഷിണ കൊറിയ അതേ ശേഷിയുള്ള മിസൈല്‍ തൊടുത്തു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് ഉത്തര കൊറിയ വിക്ഷേപിച്ചതെന്നു യുഎസ് കരുതുന്നു.

ഏതാനും ദിവസങ്ങള്‍ക്കകം ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്ന് യുഎസ് മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണിത്. കൊറിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതിന്റെ സൂചന നല്‍കുന്ന റേഡിയോ സിഗ്നലുകള്‍ ലഭിച്ചതായി ജപ്പാനും ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ഉത്തര കൊറിയയുടെ പ്രകോപനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപം ഏറ്റെടുത്തു കഴിഞ്ഞു. വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വ്യക്തമായി അറിയാമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അമേരിക്കന്‍ അധീനതയിലുള്ള ഗുവാമിനെ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഉത്തര കൊറിയ ഭീഷണി മുഴക്കിയിരുന്നു. അതുകൊണ്ട് തന്നെ അമേരിക്കയും മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

 

Related posts