ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കം. ഹിമാചൽപ്രദേശിലും ഉത്താഖണ്ഡിലും മിന്നൽ പ്രളയവും മണ്ണിടിച്ചിലും. ഹിമാചലിൽ പ്രളയക്കെടുതിയിൽ നാലു പേർ മരിച്ചു. വരുംദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
മണ്ണിടിച്ചിലിനെത്തുടർന്ന് ഛത്തീസ്ഗഡ് – മണാലി ദേശീയപാതകൾ അടച്ചു. ഈ മേഖലകളിൽ വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഉത്താഖണ്ഡിൽ നദികളിലെ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജമ്മു-കാശ്മീരിലുണ്ടായ മേഖവിസ്ഫോടനത്തിൽ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രളയക്കെടുതി തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലെയും അരുണാചൽപ്രദേശിലെയും സ്ഥിതി കേന്ദ്രം വിലയിരുത്തി. പൂർണ പിന്തുണയും അടിയന്തര സഹായവും ഇരുസംസ്ഥാനങ്ങൾക്കും കേന്ദ്രം ഉറപ്പു നൽകി.
