അമേരിക്കന്‍ പ്രസിഡന്റിന്റെ സമ്പാദ്യം എത്രയായിരിക്കും? കഴിഞ്ഞ പന്ത്രണ്ട് വര്‍ഷം കൊണ്ട് ഒബാമയും കുടുംബവും സമ്പാദിച്ചത് ഇതാണ്!

ytyyr

എട്ട് വര്‍ഷമായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ സമ്പാദ്യം എന്തായിരിക്കുമെന്ന് ചിന്തിക്കാത്തവര്‍ വിരളമായിരിക്കും. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ബറാക് ഒബാമയും കുടുംബവും കഴിഞ്ഞ പന്ത്രണ്ടുവര്‍ഷംകൊണ്ട് സമ്പാദിച്ചത് 20.5 മില്യണ്‍ ഡോളര്‍ (ഏകദേശം 140 കോടി രൂപ) ആണെന്നാണ് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട്. 2005ല്‍ 43 ാം വയസില്‍ അമേരിക്കന്‍ സെനറ്റില്‍ അംഗമാകുമ്പോള്‍ പ്രതിവര്‍ഷം 85,000 ഡോളര്‍ വരുമാനമുള്ള നിയമപ്രൊഫസറായിരുന്നു ഒബാമ. പിന്നീട് ആര്‍ജിച്ച സമ്പാദ്യത്തിന്റെ നാലില്‍ മൂന്നും തന്റെ പുസ്തകങ്ങളുടെ ഇടപാടില്‍നിന്നാണ്. 16 വര്‍ഷത്തെ നികുതി റിട്ടേണുകളും സാമ്പത്തിക രേഖകളും പരിശോധിച്ചാണ് ഫോബ്‌സ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

15.6 മില്യണ്‍ ഡോളറാണ് 2005ല്‍ വാഷിംങ്ങ്ടണില്‍ എത്തിയ ശേഷം എഴുത്തുകാരന്‍ എന്ന നിലയില്‍ ഒബാമ സമ്പാദിച്ചത്. 2009ല്‍ പ്രസിഡന്റായതിനു ശേഷമുള്ള എട്ടുവര്‍ഷം ഒബാമ 10.8 മില്യണ്‍ ഡോളറാണ് സമ്പാദിച്ചത്. 3.1 മില്യണ്‍ ഡോളര്‍ പ്രസിഡന്റ് എന്ന നിലയിലുള്ള ശമ്പളമായി ലഭിച്ചു. (ശരാശരി പ്രതിവര്‍ഷം 392000 ഡോളര്‍). നിക്ഷേപങ്ങളില്‍നിന്നുള്ള പലിശയായി 120,000 ഡോളറാണു വരുമാനം. 2016ലെ നികുതി റിട്ടേണ്‍ ഇതുവരെ ഒബാമ പുറത്തുവിട്ടിട്ടില്ല. ‘ ഒഡാസിറ്റി ഓഫ് ഹോപ്പ് ‘ എന്ന ഒറ്റപ്പുസ്തകത്തിന്റെ വില്‍പ്പനയില്‍നിന്നു മാത്രം 8.8 മില്യണ്‍ ഡോളറാണ് ഒബാമയ്ക്കു ലഭിച്ചത്. കുട്ടികള്‍ക്കായി എഴുതിയ ‘ഓഫ് ദി എൈ സിങ്; എ ലെറ്റര്‍ ടു മൈ ഡോട്ടേഴ്‌സ് ‘, ‘ഡ്രീംസ് ഫ്രം മൈ ഫാദര്‍ ‘തുടങ്ങിയ പുസ്തകങ്ങളും ഒബാമ പ്രസിഡന്റായ ശേഷം നല്ലരീതിയില്‍ വിറ്റുപോയി. കുട്ടികളുടെ പുസ്തകത്തിന്റെ വില്‍പനയില്‍നിന്നു ലഭിച്ച ലാഭം രാജ്യത്തെ കുട്ടികളുടെ സ്‌കോളര്‍ഷിപ്പിനായും പരുക്കേറ്റ സൈനികരുടെ ക്ഷേമത്തിനായും ഒബായ സംഭാവന ചെയ്യുകയായിരുന്നു.

2000 മുതല്‍ 2004 വരെ ഒബാമ കുടുംബത്തിന്റെ വരുമാനം പ്രതിവര്‍ഷം മൂന്നു ലക്ഷം ഡോളറായിരുന്നു. എന്നാല്‍ അടുത്ത നാലു വര്‍ഷം (2005-2009) ഇത് ശരാശരി 24 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ ഒബാമ പ്രസിഡന്റായിരുന്നില്ല. ഒബാമ സെനറ്ററായിരുന്നപ്പോള്‍ മിഷേല്‍ ചിക്കാഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ കമ്യൂണിറ്റി ആന്‍ഡ് എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് വൈസ് പ്രസിഡന്റായി ജോലി ചെയ്തിരുന്നു. 2005ല്‍ 317000 ഡോളറും 2006ല്‍ 274000 ഡോളറും മിഷേല്‍ സമ്പാദിച്ചിരുന്നു. പ്രസിഡന്റ് പദവി ഒഴിഞ്ഞെങ്കിലും കോടികളാണ് ഒബാമയെ കാത്തിരിക്കുന്നത്. കടവുമായി വൈറ്റ്ഹൗസ് വിട്ട ബില്‍ ക്ലിന്റണും ഹിലരിയും അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ 240 ദശലക്ഷം ഡോളറില്‍ കൂടുതലാണ് സമ്പാദിച്ചത്. പുസ്തക ഇടപാടുകളില്‍നിന്നും പ്രസംഗങ്ങള്‍ക്കുള്ള പ്രതിഫല ഇനത്തിലുമാണ് ഇരുവരുടെയും വരുമാനം കുതിച്ചുയര്‍ന്നതെന്നും ഫോബ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related posts