തൃശൂർ: സിറ്റി പോലീസ് കമ്മീഷണർക്കെതിരേ ഫേസ്ബുക്കിൽ അശ്ലീല കമന്റിട്ട ബസ് ജീവനക്കാരനെതിരേ കേസെടുത്ത് സൈബർ ക്രൈം പോലീസ്.
നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ കേരള പോലീസിന്റെ ശുഭയാത്രയുടെ നമ്പറിലേക്ക് അയയ്ക്കാമെന്ന കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെയാണ് അശ്ലീല കമന്റ് പോസ്റ്റ് ചെയ്തിരുന്നത്. അന്വേഷണത്തിൽ കമന്റിട്ടയാൾ ബസ് ജീവനക്കാരനാണെന്നു വ്യക്തമായിട്ടുണ്ട്.
ഇയാൾക്കെതിരേ നിയമനടപടികൾ പുരോഗമിക്കുകയാണ്. തൃശൂർ സിറ്റി പോലീസിന്റെ ഫേസ് ബുക്ക് പേജിലാണ് അശ്ലീല കമന്റ് പ്രത്യക്ഷപ്പെട്ടത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ സമൂഹത്തിൽ സ്പർധ പടർത്തുന്നതും അശ്ലീലപരവും കുട്ടികൾക്കും സ്ത്രീകൾക്കുമെതിരേ ലൈംഗികചുവയുള്ളതുമടക്കമുള്ള പോസ്റ്റുകൾക്കും കമന്റുകൾക്കുമെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖ് മുന്നറിയിപ്പു നല്കി.
