ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവില്‍ കിടന്നു മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍! ജിഷയുടെ പിതാവിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ ഉണ്ടെന്ന വാര്‍ത്തകേട്ട് കണ്ണുതള്ളി നാട്ടുകാരും ബന്ധുക്കളും…

 

പെരുമ്പാവൂര്‍: ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഇന്നലെ മരണപ്പെട്ടത്. ഭക്ഷണത്തിനോ മരുന്നിനോ പണമില്ലാതെ വീടിനു സമീപത്തെ റോഡില്‍ വീണായിരുന്നു പാപ്പുവിന്റെ അന്ത്യം. എന്നാല്‍, മരണത്തിന് ശേഷം പാപ്പുവിന്റെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസ് ശരിക്കും ഞെട്ടി. വിവരമറിഞ്ഞ നാട്ടുകാരും. പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നത് ലക്ഷങ്ങളായിരുന്നു.

എസ്ബിഐയുടെ ഓടക്കാലി ശാഖയിലെ പാസ്ബുക്കിലെ കണക്കനുസരിച്ച് ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ ഉള്ളത് 452000 രൂപയാണ്. ദാരുണമായി മരിച്ച ജിഷയുടെ പിതാവ് പാപ്പുവിന്റെ അക്കൗണ്ടില്‍ എങ്ങനെ ഇത്രമാത്രം കാശുവന്നെന്നു കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. ഇക്കാര്യത്തില്‍ ബന്ധുക്കള്‍ക്കും അടുപ്പക്കാരായ നാട്ടുകാര്‍ക്കും ഒരു പിടിയുമില്ല.

കുറുപ്പംപടി ചെറുകുന്നം കമ്പനിപ്പടിയിലെ വീടിനു സമീപം റോഡില്‍ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടത്. രണ്ടു മാസം മുമ്പ്
അപകടത്തില്‍പെട്ട് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാപ്പു അവശതയിലായിരുന്നു. ഇന്നലെ ഉച്ചയോടെ വീട്ടില്‍നിന്നു നിരങ്ങി പുറത്തിറങ്ങിയ പാപ്പു അയല്‍വാസിയായ ഒരു വീട്ടമ്മയോട് കുടിക്കാന്‍ കഞ്ഞിവെള്ളം ആവശ്യപ്പെട്ടിരുന്നു. കഞ്ഞിവെള്ളം നല്‍കിയശേഷം ജോലിക്കു പോകുമ്പോള്‍ പാപ്പു അവിടെയുണ്ടായിരുന്നതായി വീട്ടമ്മ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വൈകുന്നേരം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൂവായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തു.കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത എസ് ബി ഐ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പരിശോധിച്ചപ്പോള്‍ പാപ്പുവിന്റെ അക്കൗണ്ടില്‍ കഴിഞ്ഞ സെപ്റ്റംമ്പര്‍ 17-ന് 452000 രൂപ അവശേഷിക്കുന്നുണ്ടെന്നും വ്യക്തമായി.ഇതേക്കുറിച്ച് പൊലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളോട് പ്രാഥമീക വിവരശേഖരണം നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.

മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. വിചാരണ നടന്നുകൊണ്ടിരിക്കുന്ന ജിഷ കൊലക്കേസില്‍ പ്രതിഭാഗം സാക്ഷി കൂടിയാണു പാപ്പു. പാപ്പുവിനെ വിസ്തരിക്കാന്‍ പ്രതിഭാഗം അനുമതി തേടുകയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ അനുമതി നല്‍കുകയും ചെയ്തിരുന്നു. ലോട്ടറി കച്ചവടം നടത്തി ഉപജീവനം നടത്തിയിരുന്ന പാപ്പു വീട്ടില്‍ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. ഉന്നതപോലീസ് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തഹസീല്‍ദാരും സ്ഥലത്തെത്തി പരിശോധന നടത്തി. ജിഷ കൊല്ലപ്പെട്ടശേഷം അമ്മ രാജേശ്വരിക്കും സഹോദരി ദീപയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭിച്ചിരുന്നു. ജിഷയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പാപ്പു നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.

ജിഷയുടെ മരണാനന്തര ആനുകൂല്യമായി ഒരു രൂപപോലും പാപ്പു കൈപ്പറ്റിയിട്ടില്ലെന്നാണ് ദളിത് സംഘടനാ പ്രവര്‍ത്തകന്‍ ഒര്‍ണ കൃഷ്ണന്‍കുട്ടി പറയുന്നത്. കഷ്ടത അനുഭവിക്കുന്ന പാപ്പുവിന് വേണ്ടി നിയമ സഹായമെത്തിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ആളാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പാപ്പു ലക്ഷാധിപതിയായിരുന്നെന്ന പൊലീസ് കണ്ടെത്തല്‍ പുറത്ത് വന്നിട്ടുള്ളത്.അവശനായ തന്നെ കബളിപ്പിച്ച് ആരെങ്കിലും പണം കവരുമെന്ന ഭയത്താല്‍ സര്‍ക്കാര്‍ ആനൂകുല്യം ലഭിച്ച വിവരം പാപ്പു എല്ലാവരില്‍ നിന്നും മറച്ച് വയ്ക്കുകയായിരുന്നിരിക്കാം എന്നാണ് ഇപ്പോള്‍ പരക്കെ ഉയരുന്ന സംശയം. ഇക്കാര്യത്തില്‍ ബാങ്ക് അധികൃതരോടും അഭിപ്രായം തേടാനാണ് പോലീസിന്റെ ശ്രമം. കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചശേഷം മൃതദ്ദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ജിഷയുടെ മൃതദ്ദേഹം സംസ്‌കരിച്ച മലമുറി ശ്മശാനത്തിലാണ് പാപ്പുവിന്റെ മൃതദ്ദേഹവും സംസ്‌കരിക്കുക എന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

 

Related posts