ആലപ്പുഴ: സർക്കാർ മുതിർന്ന പൗരൻമാർക്ക് നൽകുന്ന ക്ഷേമപെൻഷൻ 4000 രൂപയായി ഉയർത്തണമെന്ന ആവശ്യവുമായി ഏഴാം ക്ലാസുകാരൻ കെ.ബി. ഗുഡ്മാൻ. ചെട്ടികാട് സ്വദേശിയായ ഗുഡ്മാൻ സെക്രട്ടേറിയറ്റ് പടിക്കൽ ഇന്നുമുതൽ ഒരാഴ്ചക്കാലത്തേക്ക് സമരം ആരംഭിക്കും.
‘സാമൂഹ്യനന്മയ്ക്കായി പ്രവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം. ക്ഷേമ പെൻഷൻ അവകാശമല്ലെന്ന വാർത്ത ഒരിക്കൽ വായിച്ചു. അതു ശരിയാണോയെന്ന് അച്ഛനോട് തിരക്കി.
അങ്ങനെ പറയാനാവില്ലെന്ന അച്ഛന്റെ മറുപടിയിൽനിന്നാണ് വിഷയത്തിൽ പ്രതിഷേധിക്കണമെന്ന ആഗ്രഹം ഉണ്ടായതെന്ന് ‘ ഗുഡ്മാൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ക്ഷേമപെൻഷൻ തുക പലർക്കും മരുന്നുവാങ്ങാൻ പോലും തികയുന്നില്ല. വരുന്ന തെരഞ്ഞെടുപ്പിൽ വിജയിക്കുന്നവർ ആദ്യ മാസം തന്നെ പെൻഷൻ 3000 രൂപയാക്കണം.
പിന്നീട് ഘട്ടങ്ങളായി 4000 ആക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് സമരം ആരംഭിക്കുന്നത്. തുമ്പോളി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർഥിയാണ് ഗുഡ്മാൻ. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, അമേരിക്കൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ നേടിയിട്ടുണ്ട്.
