മല്ലപ്പള്ളി: വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയിൽപ്പെടുത്തി വയോധിക ദമ്പതികളില്‍ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഇതരസംസ്ഥാനക്കാരന് പിടിയില്‍. ഗുജറാത്ത് ആനന്ദ് നഗര്‍ ജില്ലയില്‍ കല്‍വാഡിയ സ്വദേശി ആനന്ദ് സമ്പായ് (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം.
മുബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വെര്‍ച്വല്‍ അറസ്റ്റിലാണന്നും ഭീഷണിപ്പെടുത്തുകയായിരുന്നു ഇയാൾ. ദന്പതികളുടെ മക്കളുടെ ഫോട്ടോ മൊബൈല്‍ ഫോണിലേക്ക് അയച്ചുകൊടുത്ത് ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അതിനെതിരേ ആളുകള്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആ കേസിലേക്ക് ചെമ്പൂർ പോലീസ് സ്റ്റേഷനില്‍ ജാമ്യം എടുക്കണമെന്നും അല്ലെങ്കില്‍ നിങ്ങളുടെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വാറണ്ടയച്ച് അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി.
സൈബര്‍ കേസായതിനാല്‍ വെര്‍ച്വല്‍ അറസ്റ്റ് പുറത്തുവിടരുതെന്നും ഭീഷണിപ്പെടുത്തി. പലതവണകളിലായി ദന്പതികളില് നിന്ന് 1.40 കോടി രൂപയാണ് തട്ടിയെടുത്തത്. വീണ്ടും 38 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഫെഡറല്‍ ബാങ്കില്‍ എത്തിയ സമയം ബാങ്കിന്റെയും പോലീസിന്റെയും ഇടപെടല്‍ മൂലം പണം അയയ്ക്കുന്നത് തടയുകയും സംഭവത്തിൽ കീഴുവായ്പുര് പോലീസ് ഇന്‍സ്പെക്ടര്‍ ആര്. രാജേഷ് കുമാര്‍ മൊഴി രേഖപ്പെടുത്തി കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
പിടിയിലായ ആനന്ദ് സന്പായ് സമാനസംഭവവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മോര്‍ബി സബ് ജയിലില്‍ കഴിഞ്ഞു വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, ഈ കേസിലേക്കു പ്രതിയെ കോടതിയുടെ അനുമതിയോടെ ഗുജറാത്തിലെ മോര്‍ഫി ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി ഉത്തരവ് വാങ്ങി കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിക്കുകയായിരുന്നു.
അന്വേഷണത്തിനു ശേഷം ഇയാളെ തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തശേഷം ഗുജറാത്തിലെ മോര്‍ബി സബ്ജയിലിലേക്ക് കൊണ്ടു പോയി.
