ധാക്ക: ബംഗ്ലാദേശിന്റെ ആദ്യ വനിത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ഇന്നു പുലർച്ചെ ആറിനായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ അണുബാധയെത്തുടർന്ന് നവംബർ 23ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കരൾ, ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി അവർ ചികിത്സയിലായിരുന്നു.
ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. ഈ മാസം ആദ്യം, ഖാലിദ സിയയെ ചികിത്സയ്ക്കായി വിദേശത്തേക്കുകൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും അവരുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ ധാക്കയിൽതന്നെ തുടരുകയായിരുന്നു.
17 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഈമാസം 25 ന് ഖാലിദ സിയയുടെ മൂത്തമകൻ താരിഖ് റഹ്മാൻ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയിരുന്നു. ഇളയ മകൻ അറഫാത്ത് റഹ്മാൻ ഹൃദായാഘാതത്തെത്തുടർന്ന് 2015ൽ മലേഷ്യയിൽ മരിച്ചു.
മൂന്നു തവണ പ്രധാനമന്ത്രിയായിരുന്നു ബീഗം ഖാലിദ സിയ. 1991 ലെ ദേശീയ തെരഞ്ഞെടുപ്പിലൂടെയാണ് ബംഗ്ലാദേശിന്റെ അധികാരതലപ്പത്ത് എത്തുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നതിനായി രാജ്യത്ത് പാർലമെന്ററി രീതിയിലുള്ള സർക്കാരും കാവൽ സർക്കാർ സംവിധാനവും അവർ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ പക്കൽ അധികാരം നിക്ഷിപ്തമാകുന്ന തരത്തിൽ പ്രസിഡന്റ് സമ്പ്രദായത്തിന് പകരം പാർലമെന്ററി സമ്പ്രദായം അവർ കൊണ്ടുവന്നു. വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങൾ അവർ നീക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധിതവും സൗജന്യവുമാക്കുകയും ചെയ്തു.
ബിഎൻപി തലപ്പത്തേക്ക്
1945ൽ ബ്രിട്ടീഷ് ഇന്ത്യയിലെ (ഇപ്പോൾ പശ്ചിമ ബംഗാൾ) ജൽപൈഗുരിയിൽ ജനിച്ച ഖാലിദയുടെ കുടുംബം 1947-ലെ വിഭജനത്തിനുശേഷം കിഴക്കൻ ബംഗാളിലെ (ഇപ്പോൾ ബംഗ്ലാദേശ്) ദിനാജ്പുരിലേക്കു താമസം മാറി.
അവരുടെ പിതാവ് ഇസ്കന്ദർ മസൂംദാർ ബിസിനസുകാരനായിരുന്നു. 1960ൽ പാകിസ്ഥാൻ സൈന്യത്തിൽ ക്യാപ്റ്റനായിരുന്ന സിയാവുർ റഹ്മാനെ അവർ വിവാഹം കഴിച്ചു. 1965 വരെ ദിനാജ്പുരിലെ സുരേന്ദ്രനാഥ് കോളജിൽ വിദ്യാഭ്യാസം തുടർന്നു. തുടർന്ന് ഭർത്താവിനൊപ്പം പശ്ചിമ പാകിസ്ഥാനിലേക്കു മാറി. 1971ൽ, ബംഗ്ലാദേശ് വിമോചന യുദ്ധം ആരംഭിച്ചപ്പോൾ, സിയാവുർ റഹ്മാൻ കലാപം നടത്തി സ്വതന്ത്ര രാഷ്ട്രത്തിനായി പോരാടി.
1981 മെയ് 30 ന് സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടു. റഹ്മാന്റെ മരണശേഷം, ബിഎൻപി പാർട്ടി ഗുരുതരമായ പ്രതിസന്ധി നേരിട്ടു. പാർട്ടിയെ ഒരുമിച്ച് നിർത്താൻ, ഒരിക്കലും രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന ഖാലിദ സിയ, ഭർത്താവ് സ്ഥാപിച്ച ബിഎൻപിയിൽ ചേർന്നു. 1984 ജനുവരി 12 ന് അവർ പാർട്ടിയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1984ൽ പാർട്ടിയുടെ ചെയർപേഴ്സണായി.
‘പോരാടുന്ന ബീഗങ്ങൾ’
1990ൽ സൈനിക ഭരണാധികാരി ഹുസൈൻ മുഹമ്മദ് എർഷാദിനെ അട്ടിമറിച്ച് ജനാധിപത്യത്തിനായുള്ള ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിനായി ഖാലിദ സിയ ബംഗ്ലാദേശിന്റെ സ്ഥാപക പിതാവിന്റെ മകളും അവാമി ലീഗ് പാർട്ടിയുടെ അധ്യക്ഷയുമായ ഷെയ്ഖ് ഹസീനയുമായി കൈകോർത്തു. എന്നാൽ സിയയുടെയും ഹസീനയുടെയും സഹകരണം അധികനാൾ നീണ്ടുനിന്നില്ല. അവരുടെ കടുത്ത ശത്രുതയും മത്സരവും ലോകത്തിനു മുന്പിൽ അവരെ “പോരാടുന്ന ബീഗങ്ങൾ’ എന്ന തലത്തിലെത്തിച്ചു.
1991-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിഎൻപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടി. ബംഗ്ലാദേശിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഖാലിദ സിയ സത്യപ്രതിജ്ഞ ചെയ്തു. 1996ൽ തുടർച്ചയായി രണ്ടാം തവണയും അവർ പ്രധാനമന്ത്രിയായി.
എന്നാൽ എല്ലാ പ്രധാന പാർട്ടികളും ഫലം ബഹിഷ്കരിക്കുന്ന സംഭവമുണ്ടായി. എതിർപ്പിനെത്തുടർന്ന്, പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു കാവൽ സർക്കാർ കൊണ്ടുവരുന്നതിനായി ഖാലിദ സിയയുടെ സർക്കാർ ഭരണഘടനയിൽ ഭേദഗതി കൊണ്ടുവരികയും ജസ്റ്റിസ് മുഹമ്മദ് ഹബീബുർ റഹ്മാന് അധികാരം കൈമാറുകയും ചെയ്തു.
തുടർന്നുള്ള വോട്ടെടുപ്പുകളിൽ, ബിഎൻപിയെ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പരാജയപ്പെടുത്തി. തുടർന്ന് അവർ പ്രതിപക്ഷനേതാവായി ഹസീനയുമായുള്ള പോരാട്ടം തുടർന്നു. അഞ്ചു വർഷത്തിനു ശേഷം അപ്രതീക്ഷിതവിജയത്തോടെ അവർ തിരിച്ചെത്തി. 2001 ഒക്ടോബർ 10 ന് മൂന്നാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
തീവ്രവാദവും അഴിമതിയും
വിവിധ ഭീകരസംഘടനകളുടെ ഉയർച്ചയും അഴിമതി ആരോപണങ്ങളും അവരുടെ രണ്ടാം കാലാവധിയെ ബാധിച്ചു. 2004 ൽ, ഹസീന പ്രസംഗിച്ച ഒരു റാലിക്ക് നേരെ ഗ്രനേഡ് ആക്രമണമുണ്ടായി. ഹസീന രക്ഷപ്പെട്ടു. പക്ഷേ 20 ലധികം പേർ കൊല്ലപ്പെടുകയും 500 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിയയുടെ സർക്കാരിനെയും അവരുടെ ഇസ്ലാമിക സഖ്യകക്ഷികളെയും വ്യാപകമായി കുറ്റപ്പെടുത്തി.
2018-ൽ, ഹസീന ബംഗ്ലാദേശിന്റെ പരമോന്നത പദവി തിരിച്ചുപിടിച്ചതിനുശേഷം, റഹ്മാനെ അസാന്നിധ്യ വിചാരണയ്ക്ക് വിധേയനാക്കുകയും ആക്രമണത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. അഴിമതി, അധികാര ദുർവിനിയോഗം എന്നീ കുറ്റങ്ങൾ ചുമത്തി ഇടക്കാല സർക്കാർ സിയയെയും ഹസീനയെയും ഒരു വർഷത്തോളം ജയിലിലടയ്ക്കുകയുണ്ടായി. 2008 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്പായി ഇവരെ വിട്ടയക്കുകയായിരുന്നു.
ബിഎൻപി-അവാമി ലീഗ് പോര്
ഖാലിദ സിയയുടെ ബിഎൻപിയും ഹസീനയുടെ അവാമി ലീഗും തമ്മിലുള്ള പോര് പലപ്പോഴും പണിമുടക്കുകൾക്കും അക്രമങ്ങൾക്കും മരണങ്ങൾക്കും കാരണമായി, ഇത് ബംഗ്ലാദേശിന്റെ സാമ്പത്തിക വികസനത്തെ തടസപ്പെടുത്തി. ഏകദേശം 175 ദശലക്ഷം ജനസംഖ്യയുള്ള ദാരിദ്ര്യരാജ്യം പിന്നോട്ടടിച്ചതാണ് ഇരവരുടെയും ഭരണകാലത്തു സംഭവിച്ചതെന്നു നിരീക്ഷകർ വിലയിരുത്തുന്നു.
