സാലറി ചലഞ്ചിന് പിന്നാലെ സാധാരണ കുടുംബങ്ങള്‍ക്ക് ഇരുട്ടടിയായി പെന്‍ഷന്‍ ചലഞ്ചും! ഒരുമാസത്തെ പെന്‍ഷന്‍ അഭ്യര്‍ത്ഥിക്കുന്നതിനായി പെന്‍ഷന്‍കാരുടെ സംഘടനകളുടെ യോഗം വിളിച്ച് ധനമന്ത്രി തോമസ് ഐസക്

സാധാരണക്കാരായ സര്‍ക്കാര്‍ ജോലിക്കാരോടുള്ള സാലറി ചലഞ്ച് അവരില്‍ പലര്‍ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിവിധ തരത്തിലുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്ന് അറിയാമെങ്കിലും സാലറി ചലഞ്ചിനോട് നോ പറയാന്‍ നിര്‍ബന്ധിതരാവുന്ന നിരവധിയാളുകളുമുണ്ട്.

ഇപ്പോഴിതാ കൂനിന്മേല്‍ കുരു എന്നവണ്ണം സാലറി ചലഞ്ചിന് പിന്നാലെയുള്ള പെന്‍ഷന്‍ ചലഞ്ചും എത്തിയിരിക്കുന്നു. ഇതില്‍ ആശങ്കപ്പെട്ടിരിക്കുകയാണ് സര്‍വീസ് പെന്‍ഷന്‍കാര്‍. നിര്‍ബന്ധിതമായ പിരിവുണ്ടാകില്ലെന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും നാമമാത്രമായ പെന്‍ഷന്‍ ലഭിക്കുന്നവര്‍ എങ്ങനെ സംഭാവന നല്‍കുമെന്നറിയാതെ വിഷമിക്കുകയാണ്.

ശനിയാഴ്ചയാണ് പെന്‍ഷന്‍കാരുടെ സംഘടനകളുമായി ധനമന്ത്രിയുടെ ചര്‍ച്ച. ഒരുമാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസനിധിയിലേക്ക് അഭ്യര്‍ഥിക്കുന്നതിനാണ് ധനമന്ത്രി തോമസ് ഐസക് പെന്‍ഷന്‍കാരുടെ സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. സാലറി ചലഞ്ച് പോലെ ഉത്തരവിറക്കി പെന്‍ഷന്‍ പിടിക്കാനാവില്ല.

ഒരുമാസത്തെ പെന്‍ഷന്‍ എങ്ങനെ നല്‍കാനാകുമെന്ന് സംഘടനകള്‍ അറിയിക്കണം. പലതവണയായി മാസംതോറും നിശ്ചിത തുക സംഭാവനനല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ധനമന്ത്രിയും മുന്നോട്ടുവയ്ക്കും. പെന്‍ഷന്‍ നല്‍കാന്‍ തയ്യാറാണെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ പറയുന്നു. എന്നാല്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് മനോവിഷമമുണ്ടാക്കാത്ത തരത്തില്‍ അവരെ ഒഴിവാക്കണം.

Related posts