കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടുക, ലേബര്‍ റൂമിലെങ്കിലും കാമറ ഒഴിവാക്കുക! മുന്‍പ് ഈ നടിയെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് വാര്‍ത്ത നല്‍കിയപ്പോള്‍ ഇവരും കുഞ്ഞും അനുഭവിച്ച സംഘര്‍ഷം ഓര്‍ത്തോ? എംഎല്‍എ യു. പ്രതിഭ ചോദിക്കുന്നു

നടി കാവ്യാ മാധവന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെതിരെ സിപിഎം എംഎല്‍എ യു പ്രതിഭ രംഗത്ത്. ഒരു സ്ത്രീ വിവാഹം കഴിക്കുന്നതും ഗര്‍ഭിണി ആകുന്നതും പ്രസവിക്കുന്നതുമൊക്കെ നാട്ടില്‍ സര്‍വ്വസാധാരണമാണ്. ഇതിലൊക്കെ ആഘോഷിക്കാന്‍ നാട്ടുകാര്‍ക്ക് അവസരം ഒരുക്കേണ്ടതുണ്ടോ? എന്നാണ് യു പ്രതിഭ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

”മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്ഷയത്തെക്കുറിച്ചും തുടര്‍ നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്പെഷ്യല്‍ നിയമസഭാ സമ്മേളനം കൂടുകയുണ്ടായി. വളരെയധികം ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും വന്നു. പക്ഷേ തൊട്ടടുത്ത ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത് ദിലീപ്-മഞ്ജു ദാമ്പത്യത്തിന്റെ തകര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു. മലയാളി സമൂഹം ആര്‍ത്തിയോടെ ആ വാര്‍ത്തകള്‍ വായിച്ചു. മുല്ലപ്പെരിയാര്‍ വിസ്മൃതിയിലായി. ദിലീപ്-കാവ്യ വിവാഹം മംഗളമായി നടന്നു. മലയാളി വാര്‍ത്തകളിലൂടെ സദ്യ ഉണ്ടു,കൃതാര്‍ത്ഥരായി.” എംഎല്‍എ പറഞ്ഞു.

പിന്നീട് ഒരു നിയമസഭാ സമ്മേളനത്തില്‍ നടിയെ പീഡിപ്പിച്ച നടനെക്കുറിച്ച് ചര്‍ച്ച, ബഹളം, അറസ്റ്റ്, പിന്നിലുള്ള മാഡം, എന്തൊക്കെ കോലാഹലങ്ങള്‍ ആയിരുന്നു. വാര്‍ത്തയിലൂടെ മലയാളികളായ നമ്മള്‍ ഉറക്കമൊഴിച്ചു കാത്തിരുന്നു. ഇപ്പോള്‍ പീഡനത്തിനിരയായി എന്നു പറഞ്ഞ നടിയും പീഡിപ്പിച്ചു എന്നു പറഞ്ഞ നടനും സന്തോഷത്തോടെ ജീവിക്കുന്നു. നല്ല കാര്യം. എല്ലാവര്‍ക്കും നന്മ വരട്ടെ. മാധ്യമങ്ങളേ, കുറച്ച് കാലം മുന്‍പ് ഈ നടിയെ അറസ്റ്റ് ചെയ്‌തേക്കാം എന്ന് പറഞ്ഞ് നിങ്ങള്‍ വാര്‍ത്ത നല്‍കിയപ്പോള്‍ ഇവര്‍ ഒരുപാട് മാനസിക സംഘര്‍ഷം അനുഭവിച്ച് കാണും (ഗര്‍ഭാവസ്ഥയില്‍ ആ കുഞ്ഞും) പ്രതിഭ തുടര്‍ന്നു.

അവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച വാര്‍ത്ത ഞങ്ങള്‍ കേട്ടതും നിങ്ങള്‍ മാധ്യമങ്ങളിലൂടെയാണ്. സമര്‍ത്ഥരെന്ന് സ്വയം നടിച്ച് നടക്കുന്ന പല മാധ്യമ പ്രവര്‍ത്തകരും നടിയോ നടനോ അടുത്തുകൂടി പോയാല്‍ ഉള്‍ക്കുളിരോടെ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യുമ്പോള്‍ ചുമ്മാതല്ല ഇവരൊക്കെ ഇത്തരം വാര്‍ത്തകളുടെ പിന്നാലെ പോകുന്നത് എന്നും ചിന്തിച്ചിട്ടുണ്ട്. വായനക്കാര്‍ ഉണ്ട്, അതാണ് ഗോസിപ്പ് വാര്‍ത്തകള്‍ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കള്‍ പറയുന്നത്. എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടുക. ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക. സുഖ പ്രസവാശംസകള്‍ എന്ന് ആശംസിച്ചു കൊണ്ടാണ് യുവ എം എല്‍ എ കുറിപ്പിന് വിരാമം ഇടുന്നത്. കാവ്യയുടെ ഗര്‍ഭകാലചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഫോട്ടോ ഫീച്ചറുകള്‍ ആയി പ്രസിദ്ധീകരിക്കുകയും നവമാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തിരുന്നു.

Related posts