സ്റ്റുഡന്റ്‌സ് പോലീസ് ലഹരി വിരുദ്ധ കാമ്പസുകള്‍ക്കായി ഇടപെടണം: മുഖ്യമന്ത്രി

fb-pinaraiതിരുവനന്തപുരം: സമൂഹത്തിന്റെ ഭാഗമാണ് താന്‍ എന്ന ചിന്ത വളര്‍ത്താന്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പരിശീലനരീതിക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പ്ലസ്ടൂവിന് എല്ലാ വിഷയത്തിനും എ പ്ലസ് ടു നേടിയ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അനുമോദിക്കുന്ന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഓരോ വ്യക്തിയും കുടുംബവും സമൂഹത്തില്‍ ഒറ്റപ്പെട്ട ദ്വീപ് പോലെ കഴിയുന്ന അവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. അതിന് മാറ്റം വരുത്താന്‍ സ്‌നേഹത്തിലധിഷ്ഠിതമായ പാരസ്പര്യം വളര്‍ത്തുന്ന മഹത്വപൂര്‍ണമായ ദൗത്യമാണ് സ്റ്റുഡന്റ്‌സ് കേഡറ്റ് പരിശീലനം പിന്തുടരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യത്തിനും ലഹരിമരുന്നിനുമെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കാന്‍ എസ്പിസിക്ക് കഴിയുന്നുണ്ട്. ഓരോ കാമ്പസും ലഹരി വിരുദ്ധ കാമ്പസാക്കാന്‍ ജാഗ്രതയോടെ ഇടപെടാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയണം.     പൊതുവേ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന ഒന്നാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മുഖ്യമന്തി പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ സ്വഭാവ രൂപീകരണത്തിന് ഉപകരിക്കുന്ന ഒന്നാണ് പദ്ധതി. സാമൂഹിക പ്രതിബദ്ധതയും നേതൃപാടവവും വളര്‍ത്താനും അടുക്കും ചിട്ടയുമുള്ള പരിശീലനത്തിലൂടെ ഓരോ കുട്ടിയുടെയും ശാരീരിക, മാനസിക വളര്‍ച്ചയ്ക്ക് ഇടം നല്‍കാനും സാധിക്കുന്നു.

പദ്ധതിക്കായി സര്‍ക്കാര്‍ ഫണ്ട് മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടും പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷനായിരുന്നു. ദക്ഷിണ മേഖല എഡിജിപി ബി.സന്ധ്യ, ഐജി മനോജ് എബ്രഹാം, ഡിഐജി പി.വിജയന്‍, പൊതുവിദ്യാഭ്യാസ വകുപ്പ്  അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസഫ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്്ജയന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 211 വിദ്യാര്‍ഥികള്‍ക്കാണ് ചടങ്ങില്‍ മെഡലുകള്‍ നല്‍കിയത്. മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രവര്‍ത്തനം  കാഴ്ചവെച്ച സ്കൂളുകള്‍ക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. കേഡറ്റുകള്‍ക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ എഡിജിപി ബി. സന്ധ്യ ചൊല്ലിക്കൊടുത്തു.

Related posts