പത്തനംതിട്ട: മെഴുവേലി പഞ്ചായത്ത് ഒന്നാം വാര്ഡിലെ 144 – ാം നന്പര് ബൂത്ത് പരിധിയില് മരിച്ചു പോയയാളുടെ വോട്ട് മാറിചെയ്ത സംഭവത്തില് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ കുരുക്ക് മുറുകും. വാര്ഡ് മെംബറെ പ്രതിപ്പട്ടികയില് നിന്നൊഴിവാക്കുമെന്നും സൂചനയുണ്ട്.
കേസുമായി ബന്ധപ്പെട്ട് വാര്ഡ് മെംബര് സി.എസ്. ശുഭാനന്ദനില്നിന്ന് ഇന്നലെ ഇലവുംതിട്ട എസ്എച്ച്ഒ വിശദമായി മൊഴിയെടുത്തു. മെംബറെ പ്രതിസ്ഥാനത്തുള്പ്പെടുത്താന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് നിഗമനം. പരാതിക്കാരുടെ മൊഴി കൂടി ഇന്നു രേഖപ്പെടുത്തിയശേഷം ശുഭാനന്ദനെ ഒഴിവാക്കുന്നതു പരിഗണിക്കും.
വ്യാജവോട്ട് രേഖപ്പെടുത്തിയ സംഭവത്തില് വാര്ഡ് മെംബറെ പ്രതിയാക്കാനാകില്ലെന്ന നിയമോപദേശമാണ് പോലീസിനും ലഭിച്ചിട്ടുള്ളതെന്നു പറയുന്നു.
തന്നെ പ്രതിയാക്കി കേസ് എടുത്ത നടപടിക്കെതിരേ വാര്ഡ് അംഗം ശുഭാനനന്ദന് നിയമ നടപടികള് ആരംഭിച്ചിരുന്നു. പരാതിക്കാര്ക്കെതിരേ വക്കീല് നോട്ടീസ് അയയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയ്ക്ക് മെംബറെ പഴിചാരാനും ഗൂഢാലോചനക്കുറ്റം ചുമത്താനുമുള്ള നീക്കം ദുരുദ്ദേശപരമെന്ന ആരോപണം ഉയര്ന്നിരുന്നു. ബിഎല്ഒ അമ്പിളിയുമായി ചേര്ന്ന് ശുഭാനന്ദന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് രജിസ്റ്റര് ചെയ്തിരിക്കുന്ന എഫ്ഐആര്.
അമ്പിളിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില് വിട്ടിരുന്നു. ശുഭാനന്ദനെ ക്രിമിനല് നടപടിക്രമം വകുപ്പ് 41 (എ) പ്രകാരം നോട്ടീസ് നല്കിയാണ് ഇന്നലെ മൊഴിയെടുത്തത്.